എലത്തൂരിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചു
അപകടം ജോലി കഴിഞ്ഞ് ഭർത്താവുമൊന്നിച്ച് വീട്ടിലേക്ക് മടങ്ങവെ

എലത്തൂർ: ദേശീയപാതയിൽ എലത്തൂർ ചെട്ടിക്കുളം പഞ്ചിംഗ് സ്റ്റേഷനു സമീപം ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. പൊയിൽക്കാവ് ചാത്തനാടത്ത് ബൈജുവിൻ്റെ ഭാര്യ ഷിൽജ(40)യാണ് ദാരുണമായി മരണപ്പെട്ടത്. ഇന്നലെ രാത്രി 7.30ഓടെയായിരുന്നു അപകടം.
അപകടത്തിൽ ഷിൽജയുടെ ഭർത്താവ് ബൈജുവിന് പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ്ഹിൽ ചുങ്കം ആനുഫ്സ് റൂമാകെയർ ക്ലിനിക്കിലെ ലാബ് ടെക്നീഷ്യനാണ് ഷിൽജ. രണ്ടുപേരും ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഷിൽജ ലോറിക്കടിയിൽകുടുങ്ങുകയായിരുന്നു. റോഡിൽ രക്തം വാർന്നൊഴുകിയാണ് മരണം സംഭവിച്ചത്.
മക്കൾ: അവന്തിക (11), അലൻ (9). ഇരുവരും പൊയിൽക്കാവ് യു.പി. സ്കൂൾ വിദ്യാർത്ഥികളാണ്. സഹോദരൻ ഷിനീഷ് (ഗൾഫ്). മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.