കോവൂരിൽ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല
കോഴിക്കോട്: കോവൂരിൽ ഹോട്ടലിലെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനിറങ്ങിയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു. കോവൂർ ഇരിങ്ങാടൻ പള്ളിയിലെ ഹോട്ടലിലാണ് ദാരുണ സംഭവമുണ്ടായത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം.
വൈകീട്ട് 4 മണിയോടെയാണ് തൊഴിലാളികൾ മാലിന്യ ടാങ്ക് വ്യത്തിയാക്കാനെത്തിയത്. അടച്ചിട്ട ഹോട്ടലിൽ 10 അടി താഴ്ചയിലുളള മാലിന്യ ടാങ്കായിരുന്നു ഉണ്ടായിരുന്നത്. ആദ്യം ഇറങ്ങിയ ആൾക്ക് ബോധം നഷ്ടപ്പെട്ടതിന് പിന്നാലെ രണ്ടാമത്തെയാളും ഇറങ്ങുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും മലയാളികളാണെന്നാണ് സൂചന. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.