സ്വർണ വിലയിൽ വമ്പൻ ഇടിവ് ; രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്
ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,120 രൂപയാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് . ഒരു പവൻ സ്വർണത്തിന് 720 രൂപയാണ് കുറഞ്ഞത്. ഇന്നലെ 800 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇതോടെ സ്വർണവില 54000ൽ നിന്ന് താഴേക്ക് എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,120 രൂപയാണ്.
തിങ്കളാഴ്ച റെക്കോർഡ് വിലയിലെത്തിയ സ്വർണവില പിന്നീട് കുത്തനെ ഇടിയുകയായിരുന്നു. മൂന്ന് ദിവസംകൊണ്ട് 2020 രൂപയാണ് പവന് കുറഞ്ഞത്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം, നോർവേ,അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചത് സ്വർണ്ണവില കുറയുന്നതിന് ഒരു കാരണമായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 90 രൂപ കുറഞ്ഞു. 6640 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വില 5520 രൂപയായി. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇന്നലെ മൂന്ന് രൂപ കുറഞ്ഞു, ഇന്ന് ഒരു രൂപയും. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 96 രൂപയാണ്.