കൊടുവള്ളിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു
മൃതദേഹം കണ്ടെത്തിയത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ
കൊടുവള്ളി: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹം കൊടുവള്ളി സ്വദേശിയുടേത്. മൃതദേഹം കൊടുവള്ളി ചുണ്ടപ്പുറം ഹംസയുടെ മകൻ യൂസഫി(25)ൻ്റേതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്നും മോഷണ ശ്രമത്തിനിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതാവാമെന്നും പൊലീസ് സംശയിക്കുന്നു.
ഇന്ന് രാവിലെയാണ് കൊടുവള്ളിയിൽ പൊലീസ് സ്റ്റേഷനിൽ നിന്ന് 100 മീറ്റര്‍ അകലെ മിനി സിവിൽ സ്റ്റേഷന് താഴെയുള്ള കെട്ടിടത്തിൽ മൃതദേഹം കണ്ടെത്തിയത്. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ തറയിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ചുറ്റും രക്തം തളം കെട്ടി നിന്നിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയുടേതാവും മൃതദേഹമെന്നാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാൽ അന്വേഷണം നടത്തിയതോടെ മരിച്ചത് കൊടുവള്ളി സ്വദേശി യൂസഫാണെന്ന് തിരിച്ചറിയുകയായിരുന്നു.
സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. നിയമപരമായ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.