headerlogo
recents

കനത്തമഴ; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി

മാതൃ - ശിശു സംരക്ഷണകേന്ദ്രത്തിലാണ് വെള്ളംകയറിയത്

 കനത്തമഴ; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി
avatar image

NDR News

23 May 2024 08:30 AM

കോഴിക്കോട്: ബുധനാഴ്ച വൈകീട്ടുപെയ്ത കനത്തമഴയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളം കയറി. മാതൃ - ശിശു സംരക്ഷണകേന്ദ്രത്തിലാണ് വെള്ളംകയറിയത്. കേന്ദ്രത്തിലെ താഴത്തെനില പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. വാര്‍ഡുകളിലുണ്ടായിരുന്ന കുട്ടികളെ ഉടന്‍തന്നെ മറ്റിടങ്ങളിലേക്ക് മാറ്റി. സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ച് അരനൂറ്റാണ്ടിനിടെ ഇതാദ്യമയാണ് കെട്ടിടത്തിനകത്ത് വെള്ളം കയറിയത്. 

       താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗൈനക്കോളജി, പീഡിയാട്രിക് അത്യാഹിത വിഭാഗങ്ങള്‍, വാര്‍ഡുകള്‍, സ്ത്രീകളുടെ ഐ.സി.യു., അടിയന്തര ശസ്ത്രക്രിയാമുറി, ലിഫ്റ്റുകള്‍, നിരീക്ഷണമുറി, ഒ.പി. വിഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. നവജാതശിശുക്കള്‍ക്കടക്കം പരിചരണം നല്‍കുന്ന പീഡിയാട്രിക് ഐ.സി.യുവിലും ഐസൊലേഷന്‍ വാര്‍ഡുകളിലും വെള്ളക്കെട്ടുണ്ടായി. ഇവിടെയുണ്ടായിരുന്ന കുട്ടികളെയും മറ്റിടങ്ങളിലേക്ക് മാറ്റേണ്ടതായിവന്നു. ശൗചാലയങ്ങളിലടക്കം വെള്ളംകയറിയത് രോഗികളെയും കൂട്ടിരിപ്പുകാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കി. മൂന്ന് മോട്ടോര്‍സെറ്റുകള്‍ എത്തിച്ചാണ് കെട്ടിക്കിടന്ന വെള്ളം പമ്പുചെയ്ത് ഒഴിവാക്കിയത്. ആശുപത്രിയിലെ ശുചീകരണത്തൊഴിലാളികളും മറ്റുജീവനക്കാരും ചേര്‍ന്ന് കേന്ദ്രം പൂര്‍ണമായും ശുചീകരിക്കാനുള്ള പ്രവൃത്തി രാത്രി വൈകിയും തുടര്‍ന്നു.

       മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിനുപിന്നിലുള്ള ഡ്രെയ്നേജിലേക്ക് മെഡിക്കല്‍ കോളേജിലെ മുഴുവന്‍ മലിനജലത്തോടൊപ്പം മഴവെള്ളംകൂടി ഒഴുകിയെത്തിയതോടെയാണ് അകത്തേക്ക് വെള്ളം ഇരച്ചെത്തിയതെന്ന് ആശുപത്രിയിലെ ജീവനക്കാരന്‍ പറഞ്ഞു. എല്ലാ ഡ്രെയ്നേജുകളും മഴയ്ക്കുമുമ്പ് വൃത്തിയാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

NDR News
23 May 2024 08:30 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents