കാണാതായ യുവതിയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ
മൃതദേഹം പുഴയിൽ കമിഴ്ന്ന നിലയിൽ
തൃശ്ശൂർ: കാണാതായ യുവതിയേയും കുഞ്ഞിനേയും പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ (24), മകൾ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഐ.ഡി. കാർഡ് പോലീസിനു ലഭിച്ചിട്ടുണ്ട്. പാലാഴിയിൽ കാക്കമാട് പ്രദേശത്തെ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.
കാഞ്ഞാണിയിൽ നിന്നും ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് ഭർതൃഗൃഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാതായത്. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ യുവതിയുടെ ഭർത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖിൽ പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് പുലർച്ചയോടെ നടക്കാനിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന നിലയിലാണ് മൃതദേഹം കണ്ടത്.
കാഞ്ഞാണിയിൽ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയാണ് യുവതി. അന്തിക്കാട് എസ്.ഐ. പ്രവീണിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.