കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡന കേസ്: അതിജീവിത സമരം പുനഃരാരംഭിക്കുന്നു
ഐജിയും വാക്കുപാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം
കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ നാളെ സമരം പുനരാംരംഭിയ്ക്കുമെന്ന് അതിജീവിത. ഐജിയും വാക്കുപാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം. കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിൽ സമരം ആരംഭിച്ചിരുന്നെങ്കിലും ഐജിയുടെ ഇടപെടലിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിയ്ക്കെതിരായ കേസിലെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശപ്രകാരമാണ് സംഭവത്തിൽ ഉത്തരമേഖല ഐജി ഇടപെട്ടത്. തുടർന്ന് അന്വേഷണ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത് നടക്കാത്തതോടെയാണ് അവസാനിപ്പിച്ച സമരം വീണ്ടും ആരംഭിക്കുന്നത്.