ശമ്പളം ഒന്നാം തീയതി തന്നെ; മന്ത്രി കെ.എൻ. ബാലഗോപാൽ
ശമ്പളവും പെൻഷനും കൊടുക്കുമോ എന്ന കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത ശമ്പളം ഒന്നാം തീയതി തന്നെ ലഭിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ശമ്പളവും പെൻഷനും കൊടുക്കുമോ എന്ന കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാധാരണ നിലയിൽ നിന്നും വ്യത്യാസം വരാതെ മുന്നോട്ട് പോകുമെന്നും ക്ഷേമ പെൻഷന് കൃത്യമായി നൽകാൻ ഓർഡർ ഇറക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ള വിഹിതത്തിൽ പരിഹാരമായിട്ടില്ലെന്നും കേരളത്തിലെ എം.പിമാർ ഈ വിഷയം ലോക്സഭയിൽ ഉന്നയിച്ചില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനെതിരെ കോടതിയിൽ ഹർജി കൊടുത്തതിന്റെ പേരിൽ വീണ്ടും വിഹിതം വെട്ടിക്കുറച്ചതായും കിട്ടാനുള്ള തുക തടഞ്ഞു വെച്ചിരിക്കുകയാണെന്നും ബാലഗോപാൽ ചൂണ്ടിക്കാണിച്ചു.
25-ാം തീയതി വരെ ബില്ല് സമർപ്പിക്കാൻ തീയതി നൽകിയിരുന്നു. 27 വരെയാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് സമയം നൽകിയത്. തകരാർ ഉണ്ടെങ്കിൽ അടുത്ത വർഷത്തേക്ക് ക്യാരി ഓവർ ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷം വലിയ ബുദ്ധിമുട്ടാണ് നേരിട്ടതെന്നും മന്ത്രി വ്യക്തമാക്കി. 30,000 കോടിയോളം വരുമാന വർദ്ധനവുണ്ടാക്കിയാണ് സർക്കാർ പ്രവർത്തനം തുടരുന്നത്. കെ.എസ്.ആർ.ടി.സിക്കും കെ.ടി.ടി.സിക്കും 420 കോടി ഇന്ന് തന്നെ നൽകിയിട്ടുണ്ട്. എല്ലാ പണവും നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. 2021 മാർച്ചിലാണ് ഏറ്റവും കൂടുതൽ തുക നൽകിയതെന്നും മന്ത്രി പറഞ്ഞു.