headerlogo
recents

ആലുവ കമ്പനിപ്പടി റോഡിൽ പറന്നത് 40,000 രൂപ, ഉടമയ്ക്ക് തിരികെ ലഭിച്ചത് 10000, ബാക്കി പലരും പെറുക്കിയെടുത്തു

ഫ്രൂട്ട് കച്ചവടക്കാരനായ കളമശ്ശേരി സ്വദേശി അഷറഫ് കരുതിവെച്ച പണമാണ് ബൈക്ക് യാത്രയ്ക്കിടെ റോഡിൽ ചിതറി വീണത്.

 ആലുവ കമ്പനിപ്പടി റോഡിൽ പറന്നത് 40,000 രൂപ,  ഉടമയ്ക്ക് തിരികെ ലഭിച്ചത് 10000, ബാക്കി പലരും പെറുക്കിയെടുത്തു
avatar image

NDR News

16 Mar 2024 12:11 PM

എറണാകുളം: ബൈക്ക് യാത്രയ്ക്കിടെ റോഡിൽ പറന്നത് 40,000 രൂപ, തിരികെ ഉടമയ്ക്ക് ലഭിച്ചത് പതിനായിരം, ബാക്കി പലരും പെറുക്കിയെടുത്തു. ഇന്നലെ രാവിലെയാണ് ആലുവ കമ്പനിപ്പടി റോഡിൽ 40,000 രൂപയുടെ 500ന്റെ നോട്ടുകൾ റോഡിൽ ചിതറി വീണത്. ഫ്രൂട്ട് കച്ചവടക്കാരനായ കളമശ്ശേരി പത്തടിപ്പാലം വാടക്കാത്ത് പറമ്പിൽ അഷറഫ് (60) കരുതിവെച്ച പണമാണ് ദേശീയപാതയിൽ പറന്നത്. ബൈക്ക് യാത്രയ്ക്കിടെ പണം റോഡിൽ ചിതറി വീഴുകയായിരുന്നു. പതിനായിരം രൂപയോളം മാത്രമാണ് ഉടമയ്ക്ക് തിരികെ ലഭിച്ചത്. തന്‍റെ പണം എടുത്തവര്‍ ദയ തോന്നി തിരികെ നൽകും എന്ന പ്രതീക്ഷയിലാണ് അഷറഫ്.

അഷറഫും സുഹൃത്ത് നെജീബും ചേർന്നാണ് തൃക്കാക്കര എൻ ജി ഒ ക്വാർട്ടേഴ്‌സിന് സമീപം പഴങ്ങളുടെ കച്ചവടം നടത്തുന്നത്. ആലുവ മാർക്കറ്റിൽ നിന്ന് വ്യാഴാഴ്ച രാവിലെ ഫ്രൂട്ട്‌സ് വാങ്ങി ഓട്ടോറിക്ഷയിൽ കയറ്റിവിട്ടത്തിന് ശേഷം സ്കൂട്ടറിലാണ് അഷറഫ് പോയത്. അഷറഫിന്റെ പാന്റ്‌സിന്റെ പോക്കറ്റിൽനിന്നും 40,000 രൂപയുടെ അഞ്ഞൂറിന്റെ 80 നോട്ടുകൾ പുറത്തേക്ക് വീഴുകയായിരുന്നു. പണം പ്ലാസ്റ്റിക് കവറിൽ വെച്ചിരുന്നെങ്കിലും താഴെ വീണതോടെ റോഡിൽ പറക്കുകയായിരുന്നു. റോഡിലൂടെ സഞ്ചരിച്ച യാത്രക്കാർ പണം പെറുക്കിയെടുക്കുകയും ചെയ്തു.

എവിടെനിന്നാണ് പണം വീണതെന്ന് ലഭിച്ച ആർക്കും മനസ്സിലായില്ല. അഷറഫ് കടയിലെത്തി ഓട്ടോറിക്ഷക്കാരന് വാടകനൽകാനായി നോക്കിയപ്പോഴാണ് പണം നഷ്ടമായത് അറിഞ്ഞത്. വഴിയിൽ പണം വീണ വിവരം അറിഞ്ഞു അഷറഫ് സ്ഥലത്തെത്തി തിരക്കിയപ്പോൾ അവിടുത്തെ സിഐടിയു അംഗമായ ചുമട്ടുതൊഴിലാളി നൗഷാദിന് ലഭിച്ച 6,500 രൂപ തിരിച്ചു നൽകി. സമീപത്തെ ലോട്ടറി വില്പനക്കാരൻ അലിയും തനിക്ക് കിട്ടിയ 4,500 രൂപ ഇന്ന് നൽകാമെന്ന് അറിയിച്ചു. പണം ലഭിച്ച മറ്റുള്ളവരും തിരികെ ഏല്പിക്കുമെന്ന പ്രതീക്ഷയിലാണ് അഷറഫ്.

NDR News
16 Mar 2024 12:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents