ആടിനെ മോഷ്ടിച്ചവരെ സിബിഐ സ്റ്റൈലിൽ പിടികൂടി കാസർകോട് സ്വദേശികളായ സഹോദരങ്ങൾ
മോഷണ സംഘത്തെ കണ്ടെത്തി പൊലീസിനെ ഏൽപ്പിക്കാൻ അബ്ബാസും സംഘവും രണ്ടായിരം കിലോമീറ്റർ യാത്ര ചെയ്തു. 28,000 രൂപയാണ് ഇതിനു ചെലവിട്ടത്.
കാസർകോട്: ആടിന് ബിസ്കറ്റ് നൽകി പ്രലോഭിപ്പിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ട് പോയ മോഷണസംഘത്തെ സിബിഐ സ്റ്റൈലിൽ പിടികൂടി സഹോദരങ്ങൾ. സിസിടിവി വിവരങ്ങളും ഫോൺ കോളുകളും ടോൾപ്ലാസ വിവരങ്ങളുമെല്ലാം ശേഖരിച്ചാണ് കർണാടകയിലെ മോഷണ സംഘത്തെ കാസർകോട് സ്വദേശികളായ സഹോദരങ്ങൾ പിടികൂടിയത്. കാസർകോട് കുമ്പള സ്വദേശികളായ കെ ബി അബ്ബാസ്, സഹോദരൻ അബ്ദുൽ ഹമീദ്, മരുമകൻ അബ്ദുൽ ഫൈസൽ എന്നിവരുടെ 4 മാസം നീണ്ട അന്വേഷണത്തിലാണ് കർണാടക ബ്രഹ്മാവർ രംഗ നഗറിലെ വാടക വീട്ടിൽ താമസിക്കുന്ന ശിവമൊഗ സ്വദേശി സക്കഫുല്ലയെ പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
നവംബർ 1നാണ് അബ്ബാസ് മേയാൻ കെട്ടിയിരുന്ന അര ലക്ഷം രൂപ വിലയുള്ള ജമ്‌നപ്യാരി മോഷണം പോയത്. ഇതുൾപ്പെടെ തന്റെ കൈവശമുള്ള 24 ആടുകളിൽ 2 ലക്ഷത്തോളം വില വരുന്ന 14 എണ്ണത്തെയാണ് കാണാതായത്. അബ്ബാസും സഹോദരനും മരുമകനും ചേർന്ന് വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആടിനെ 13 വയസ്സ് തോന്നിക്കുന്ന കുട്ടി ബിസ്ക്കറ്റ് നൽകി കൊണ്ടുപോകുന്ന ദൃശ്യം കണ്ടു. ഉപ്പള സ്വദേശി മുനീറിന്റെ ആടിനെയും സമാനമായ രീതിയിൽ തട്ടിക്കൊണ്ട് പോയിരുന്നു.
പിന്നീട് ഇതേ കുട്ടി മറ്റിടങ്ങളിൽ നിന്ന് ആടുകളെ കടത്തിക്കൊണ്ടു പോകുന്നതായി തെളിഞ്ഞതോടെ അബ്ബാസും മുനീറും ചേർന്ന് ഉപ്പളയിൽ വെച്ച് കുട്ടിയെ പിടികൂടി മഞ്ചേശ്വരം പൊലീസിൽ ഏൽപ്പിച്ചു. പൊലീസ് കുട്ടിയുടെ മാതാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും കുട്ടിക്ക് ആടിനെ വലിയ ഇഷ്ടമാണെന്നും ബിസ്കറ്റ് കൊടുക്കാറുണ്ടെന്നും മറ്റൊന്നും അറിയില്ലെന്നും അവർ പൊലീസിനോട് പറയുകയും ചെയ്തു.
തുടർന്ന് മാതാവിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. അബ്ബാസിന്റെ സുഹൃത്തിന്റെ നമ്പറിൽ നിന്ന് വിളിച്ച് കുമ്പളയിലേക്ക് വരണമെന്ന് ഇവരോട് ആവശ്യപ്പെട്ടു. യാത്രാ ചെലവിലേക്ക് 500 രൂപ അയച്ചു കൊടുക്കാൻ സ്ത്രീ മറ്റൊരാളുടെ ഗൂഗിൾ പേ നമ്പർ നൽകി. പണം അയച്ചു കൊടുത്തിട്ടും അവർ വന്നില്ല. കുട്ടിയുടെ മാതാവിന് പണം ഗൂഗിൾ പേ ചെയ്തു നൽകിയ നമ്പർ കർണാടക ബ്രഹ്‌മാവറിലെ കോഴിക്കടയിലെ ജീവനക്കാരന്റെതാണെന്ന് പൊലീസ് സഹായത്തോടെ കണ്ടെത്തി. ഇവിടെയുള്ള കടയുടമയുമായി സംസാരിച്ചപ്പോൾ മോഷണ സംഘത്തിന്റെ വീട് കണ്ടെത്താനായി. അവിടെ മോഷണത്തിനുപയോഗിച്ചിരുന്ന കാറുകൾ കണ്ടു.വാഹനങ്ങളുടെ നമ്പർ കുമ്പള പൊലീസ് സഹോയത്തോടെ തലപ്പാടി ടോൾ ബൂത്തിൽ പരിശോധന നടത്തിയപ്പോൾ ആടിനെ കൊണ്ടുപോയ കാർ ആ ദിവസം ടോൾ പ്ലാസയിലുടെ കടന്നുപോയതായി തെളിഞ്ഞു.
കുമ്പള പൊലീസും അബ്ബാസും സഹോദരനും മരുമകനും ബ്രഹ്മാവർ പൊലീസ് സഹായത്തോടെയാണ് വീട് വളഞ്ഞ് സക്കഫുല്ലയെ അറസ്റ്റ് ചെയ്തത്. ബിസ്കറ്റ് നൽകി ആടിനെ കൂട്ടിക്കൊണ്ടു പോയി കാറിലെത്തിക്കുന്ന കുട്ടി ബ്രഹ്മാവറിലെ സ്കൂളിലെ വിദ്യാർഥിയാണ്. മോഷണ സംഘത്തിന്റെ വീട്ടുവളപ്പിൽ 75 ആടുകൾ ഉണ്ടായിരുന്നുവെന്നും അതിൽ 5 ആടുകൾ തന്റേതാണെന്നും അബ്ബാസ് പറഞ്ഞു. ഇനി സംഘത്തിലെ പ്രധാനി റഫീഖ് എന്ന സാദിഖിനെയും നഷ്ടമായ ആടുകളെയും കിട്ടാനുണ്ടെന്ന് പൊലീസും പരാതിക്കാരും പറയുന്നു. മോഷ്ടിച്ച ആടുകളെ കൊണ്ട് മട്ടൻ ബിരിയാണി വച്ച് മോഷണ സംഘം പ്രദേശവാസികൾക്ക് സൗജന്യമായി നൽകാറുണ്ട് എന്നും പറയപ്പെടുന്നു. മോഷണ സംഘത്തെ കണ്ടെത്തി പൊലീസിനെ ഏൽപ്പിക്കാൻ അബ്ബാസും സംഘവും രണ്ടായിരം കിലോമീറ്റർ യാത്ര ചെയ്തു. 28,000 രൂപയാണ് ഇതിനു ചെലവിട്ടത്.