പൂക്കോട് വെറ്റിനറി കോളജ് വിദ്യാർഥിയുടെ ആത്മഹത്യയിൽ ആറുപേർ കസ്റ്റഡിയിൽ
സിദ്ധാർത്ഥിനെ നേരിട്ട് മർദ്ദിച്ചവരാണ് കസ്റ്റഡിയിലുള്ളത്

പൂക്കോട് : പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ ആത്മഹത്യയിൽ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറുപേരുടെയും അറസ്റ്റ് ഇന്നുണ്ടാകും. സിദ്ധാർത്ഥിനെ നേരിട്ട് മർദ്ദിച്ചവരാണ് കസ്റ്റഡിയിലുള്ളത്. പ്രതികളായ 12 പേർ ഒളിവിലാണ്.
കഴിഞ്ഞ 18 ന് ആയിരുന്നു നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥ് ജീവനൊടുക്കിയത്. ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റാഗിംഗ് മൂലമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് എന്നുള്ള ആരോപണം സിദ്ധാർത്ഥിൻ്റെ കുടുംബവും കൂട്ടുകാരും ആരോപിക്കുന്നുമുണ്ട്. റാഗിംഗ് നിരോധന നിയമപ്രകാരം കസ്റ്റഡിയിലെടുത്ത ആറുപേരെയും അറസ്റ്റ് ചെയ്തേക്കും.
കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കോളജിൽ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേർന്ന് സിദ്ധാർത്ഥനെ മർദ്ദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം.