കക്കയത്ത് തുടയെല്ല് പൊട്ടി മാവിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷിച്ചു
കണ്ണിമാങ്ങ പറിക്കുന്നതിനിടെ ചില്ല പൊട്ടിവീണ് മരത്തിൽ കുടുങ്ങുകയായിരുന്നു
കൂരാച്ചുണ്ട് : കക്കയം 28 മൈലിൽ മാങ്ങ പറിക്കാൻ കയറി മാവിനു മുകളിൽ കുടുങ്ങിപ്പോയ തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. കണ്ണിമാങ്ങ പറിക്കാൻ മാവിൽ കയറിയ തൊഴിലാളിയാണ് അപകടം പറ്റി കുടുങ്ങിപ്പോയത്. പാണ്ടൻ മനായിൽ ദേവസ്യയുടെ പറമ്പിലെ അറുപതടിയിലധികം ഉയരമുള്ള മാവിൽ നിന്ന് കണ്ണിമാങ്ങ പറിക്കുന്നതിനിടെ ചില്ല പൊട്ടിവീണ് മരത്തിൽ കുടുങ്ങുകയായിരുന്നു.
നിലവിളി കേട്ട പരിസര വാസികളാണ് ഫയർ ഫോഴ്‌സ് യൂണിറ്റിൽ വിവരമറിയിച്ചത്. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശ വാസിയായ ടോമി മരത്തിനു മുകളിൽ കയറി പരിക്കേറ്റ കോയയെ മരത്തിനു മുകളിൽ കയർ ഉപയോഗിച്ച് ബന്ധിച്ച് സുരക്ഷിതനാക്കി. ഫയർ സർവീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കോണി വച്ച് മരത്തിനു മുകളിൽ കയറി. കാലിൻ്റെ തുടയെല്ല് പൊട്ടിയ കോയയെ ഒരു ഫയർ യൂണിറ്റ് അംഗത്തിന്‍റെ ശരീരത്തോട് ചേർത്തുനിർത്തി റെസ്ക്യൂ നെറ്റിൽ കയറ്റി സുരക്ഷിതമായി താഴെ എത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാമ്പ്ര ഫയർ സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീഷ്, ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ പി.സി. പ്രേമൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി.കെ. സിദ്ദിഖ്, കെ. ഷിജിത്ത്, ടി.സനൂപ്, എം. മനോജ്, വി. വിനീത്, ഹോം ഗാർഡ് എം.സി. അജീഷ് തുടങ്ങിയവരാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.