headerlogo
recents

ആറുമാസം കഴിഞ്ഞിട്ടും കോഴിക്കോട് വഴിയുള്ള പാസഞ്ചർ ട്രെയിനുകൾ പുനസ്ഥാപിച്ചില്ല

ട്രാക്ക് അറ്റകുറ്റ പണിക്കായി ആണ് ആറാഴ്ചത്തേക്ക് സർവീസ് റദ്ദാക്കിയത്

 ആറുമാസം കഴിഞ്ഞിട്ടും കോഴിക്കോട് വഴിയുള്ള പാസഞ്ചർ ട്രെയിനുകൾ പുനസ്ഥാപിച്ചില്ല
avatar image

NDR News

11 Feb 2024 10:07 AM

കോഴിക്കോട്: സാധാരണക്കാരുടെ പ്രധാന യാത്ര ആശ്രയമായ പാസഞ്ചർ ട്രെയിനുകൾ പുനസ്ഥാപിക്കാത്തത് മലബാറിലെ യാത്ര പ്രതിസന്ധി രൂക്ഷമാക്കുന്നു. സെപ്റ്റംബർ 9നാണ് ഷോർണൂർ - കോഴിക്കോട് ട്രാക്ക് അറ്റകുറ്റപ്പണിയുടെ പേരിൽ 0 6 4 9 5 തൃശ്ശൂർ കോഴിക്കോട്, 0 6 4 9 6 കോഴിക്കോട് ഷോർണൂർ ട്രെയിനുകൾ റദ്ദാക്കിയത്. ആറാഴ്ചത്തേക്ക് ആയിരുന്നു സർവീസ് റദ്ദാക്കിയത്. പിന്നീട് മൂന്നു മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിച്ച് ട്രെയിൻ സർവീസ് പുനസ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും നടപ്പായില്ല. ഇപ്പോൾ ആറുമാസം പിന്നിട്ടിട്ടും പുനസ്ഥാപിക്കാൻ നടപടിയായിട്ടില്ല. ഷോർണൂർ കോഴിക്കോട് ട്രാക്ക് അറ്റകുറ്റപ്പണി കഴിഞ്ഞയാഴ്ച തന്നെ പൂർത്തീകരിച്ചിട്ടുണ്ട്. ട്രെയിൻ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവൻ എംപി റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

     റദ്ദാക്കിയ സ്പെഷൽ ട്രെയിനുകൾ പാസഞ്ചർ ട്രെയിനുകളായോ മെമു സർവീസ് ആയിട്ടോ പുന സ്ഥാപിക്കണമെന്നും എംപി ആവശ്യപ്പെട്ടിട്ടുണ്ട്. ജനറൽ കമ്പാർട്ട്മെന്റുകൾ വെട്ടിക്കുറച്ചതും ട്രെയിനുകൾ മുടങ്ങുന്നതും കാരണം മലബാർ മേഖലയിൽ ട്രെയിനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഉച്ചയ്ക്ക് 2:40ന് ഷൊർണൂരിൽ നിന്നും പുറപ്പെടേണ്ട ഷോർണൂർ - കോഴിക്കോട് സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ റദ്ദാക്കിയത് റൂട്ടിൽ തിരക്ക് വർധിക്കാൻ ഇടയാക്കി. ഇന്ന് പുലർച്ചെ ഷോർണൂരിൽ നിന്ന് പുറപ്പെടുന്ന എക്സ്പ്രസ് ട്രെയിനും റദ്ദാക്കിയതിൽ ഉൾപ്പെടും. പല ട്രെയിനുകളും വൈകിയോടുന്നതും തിരക്ക് വർദ്ധിപ്പിക്കുകയാണ്.

    കോവിഡിന് ശേഷം ട്രെയിനുകൾ പുനസ്ഥാപിച്ചപ്പോൾ പാസഞ്ചർ ട്രെയിനുകൾ സ്പെഷ്യൽ എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റി, എക്സ്പ്രസ് ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്നു. ഏറ്റവും തിരക്കുള്ള വൈകുന്നേരങ്ങളിൽ ഓടിയിരുന്ന കോയമ്പത്തൂർ - കണ്ണൂർ, ഷോർണൂർ -കോഴിക്കോട് ,ആലപ്പുഴ -കണ്ണൂർ വണ്ടികളുടെ സമയമാറ്റം വരുത്തിയതും യാത്രക്കാർക്ക് തിരിച്ചടിയായി. മലബാറിലെ ഉൾ ഗ്രാമങ്ങളിൽ നിന്ന് പോലും കണ്ണൂർ കോഴിക്കോട് കാലിക്കറ്റ് യൂണിവേഴ്സിറ്റി തിരൂർ കുറ്റിപ്പുറം പട്ടാമ്പി തുടങ്ങിയ സ്ഥലങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിന് വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമാണ് യാത്ര പ്രശ്നം കൂടുതലായി അനുഭവിക്കുന്നത്.

NDR News
11 Feb 2024 10:07 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents