മാളയിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 56 വർഷം കഠിന തടവ്
ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്
തൃശ്ശൂർ: മാളയിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 56 വർഷം കഠിനതടവും 3.9 ലക്ഷം രൂപ പിഴയും. ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം ആനാട് ചുള്ളിമാനൂർ നീറ്റാണി തടത്തരികത്ത് പ്രവീണിനാണ് (24) പ്രതി.
പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷവും മൂന്ന് മാസവും കൂടി അധിക തടവ് അനുഭവിക്കണമെന്ന് ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ കോടതി സ്‌പെഷ്യൽ ജില്ലാ ജഡ്ജി ഡോണി തോമസ് വർഗീസ് വിധിച്ചു. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ തുക ലഭ്യമാക്കാൻ ജില്ലാ നിയമസേവന അതോറിറ്റിയെ ചുമതലപ്പെടുത്തി.
മാള പൊലീസ് ഇൻസ്‌പെക്ടർ ഷോജോ വർഗീസ്, മുൻ ഇൻസ്‌പെക്ടർ സജിൻ ശശി, എസ്.ഐ രാജേഷ് എന്നിവരാണ് പോക്സോ കേസ് അന്വേഷിച്ചത്. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ബാബുരാജ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി