രാഹുല്‍ മാങ്കൂട്ടത്തിൻ്റെ അറസ്റ്റ്; KPCC നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ വിവരം അറിയിച്ചത്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് നാളെ വൈകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആഹ്വാനം ചെയ്തു . സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണനാണു വിവരം അറിയിച്ചത്.
കേരളത്തിന്റെ യുവശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം സംസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കിയിരിക്കുകയാണ്. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളില്‍നിന്നു മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന പരാക്രമങ്ങളാണിതെന്ന് ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.
രാഹുലിനെ പിന്തുടര്‍ന്ന് അനേകായിരങ്ങള്‍ ജയിലില്‍ പോകാന്‍ തയാറായി നില്ക്കുന്നു എത്രപേരെ ജയിലിലടച്ചാലും സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ജനദ്രോഹനടപടികളെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.