നടു റോഡിൽ ബസ്സ് നിർത്തി സിനിമാ സ്റ്റൈലിൽ ചാടിയിറങ്ങി മർദ്ദനം: ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
ബസ് തട്ടിയിട്ടും നിർത്താതെ പോയത് പോലെ ചോദ്യം ചെയ്തതാണ് തുടക്കം
കോഴിക്കോട് :കോഴിക്കോട് മാനാഞ്ചിറയിൽ വച്ച് സർവീസ് നടത്തിക്കൊണ്ടിരുന്ന ബസ് നടു റോഡിൽ നിർത്തിയിട്ട് കാർ യാത്രക്കാരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ബസ് ഡ്രൈവറുടെ പേരിൽ കടുത്ത നടപടി. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ പോലീസ് മോട്ടോർ വാഹന വകുപ്പിന് ശുപാർശ നൽകി. ബേപ്പൂർ മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവറായ ശബരീഷി നെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്തത്. തിരുവണ്ണൂർ സ്വദേശിയാണ് ശബരീഷ്.
മാനാഞ്ചിറ ബി എം സ്കൂളിന് സമീപം വെച്ച് കഴിഞ്ഞ ദിവസമായിരുന്നു ബസ് കാറിൽ തട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടലെടുത്തത്. ബസ് തട്ടിയിട്ടും നിർത്താതെ പോയതോടെ ബേപ്പൂർ സ്വദേശികളായ ദമ്പതികൾ കാർ നിർത്തി ശബരീഷിനോട് കാര്യം പറഞ്ഞു എന്നാൽ സംസാരം വാക്ക് തർക്കത്തിലേക്ക് എത്തിയതോടെ ഡ്രൈവർ സിനിമാ സ്റ്റൈലിൽ ബസ്സിൽ നിന്നും ചാടിയിറങ്ങി കാർ ഓടിച്ച ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സമീപത്തുണ്ടായ യാത്രക്കാർ ഇയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങാതെ വീണ്ടും ദമ്പതികളെ മർദ്ദിക്കാൻ ശ്രമിച്ചു. ശബരീഷ്, മാതാപിതാക്കളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ദമ്പതികളുടെ മകൻ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. പിന്നാലെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു. സംഭവത്തിന് പിന്നാലെ വധശ്രമം സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് ശബരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ബസ് നിലവിൽ കസബ പോലീസ് കസ്റ്റഡിയിലാണ്.