ആലുവയിലെ മുൻ എൽഡിഎഫ് സ്ഥാനാർഥി ഷെൽന നിഷാദ് അന്തരിച്ചു
കൊച്ചി മെട്രോ സ്റ്റേഷനുകൾ രൂപകൽപന ചെയ്ത ടീമിൽ അംഗമായിരുന്നു

കൊച്ചി∙ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിൽനിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച ഷെൽന നിഷാദ്(36) അന്തരിച്ചു. അർബുദ ബാധിതയായി ചികിത്സയിലായിരുന്ന ഷെൽന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണു മരിച്ചത്.
തൃശൂർ ചമ്മന്നൂർ സ്വദേശി എം.വി.ഹുസൈന്റെ മകളാണ്. ആലുവയിൽ 1980 മുതൽ ആറു തവണ കോൺഗ്രസ് എംഎൽഎ ആയിരുന്ന കെ.മുഹമ്മദാലി യുടെ മരുമകളാണ്. നിഷാദ് അലിയാണ് ഭർത്താവ്. കോൺഗ്രസിലെ അൻവർ സാദത്തിനോട് മത്സരിച്ച് 2021ലെ തിരഞ്ഞെടുപ്പിൽ ഷെൽന പരാജയപ്പെട്ടു.
കൊച്ചി മെട്രോ സ്റ്റേഷനുകൾ രൂപകൽപന ചെയ്ത ടീമിൽ അംഗമായിരുന്നു. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങി ലായിരുന്നു പഠനം. കോളജ് തലത്തിൽ വിവിധ കലാ മത്സരങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് സംഘടിപ്പിച്ച വിവിധ പരിപാടികളുടെ സംഘാടകയായിരുന്നു.