അധ്യാപകനും കവിയും സംസ്‌കൃത പണ്ഡിതനുമായ കുറിശേരി ഗോപാലകൃഷ്ണപിള്ള അന്തരിച്ചു
കാളിദാസന്റെ മുഴുവന്‍ കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഏക വിവര്‍ത്തകനാണ് ഇദ്ദേഹം
കൊല്ലം: അധ്യാപകനും കവിയും സംസ്‌കൃത പണ്ഡിതനുമായ വേങ്ങ കുറിശേരില്‍ വീട്ടില്‍ കുറിശേരി ഗോപാലകൃഷ്ണപിള്ള അന്തരിച്ചു. 91 വയസ്സായിരുന്നു. കാളിദാസന്റെ മുഴുവന്‍ കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഏക വിവര്‍ത്തകനാണ് ഇദ്ദേഹം.സംസ്‌കാരം ഇന്ന് രാത്രി എട്ടിന് വീട്ടു വളപ്പില്‍ നടക്കും.
ചവറ പന്മന ഭട്ടാരക വിലാസം സംസ്‌കൃത സ്‌കൂളിലും തിരുവനന്തപുരം രാജകീയ സംസ്‌കൃത കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് സാഹിത്യ പ്രവര്‍ത്തനത്തില്‍ സജീവമായി.
വൈകി വിടര്‍ന്ന പൂവ് (കവിതാ സമാഹാരം), ഹന്ത ഭാഗ്യം ജനാനാം (നാരായണീയ പരിഭാഷ), കാളിദാസ കൈരളി (വിവര്‍ത്തനം), വിരഹി (മേഘസന്ദേശ പരിഭാഷ), ഭാഷാ കാളിദാസ സര്‍വ്വസ്വം ( കാളിദാസ കൃതികള്‍ സംപൂര്‍ണം), മൃഛകടികം (വിവര്‍ത്തനം) എന്നിവയാണ് കൃതികള്‍. ഈവി സാഹിത്യ പുരസ്‌കാരം (2013), ധന്വന്തരീ പുരസ്‌കാരം എന്നീ പുരസ്കാരങ്ങൾക്ക് അർഹനായി.

