നിപയില്‍ ആശ്വാസം; ഇന്നും പുതിയ രോഗികള്‍ ഇല്ല
ഇന്ന് 49 പേരെ കൂടി പുതുതായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി

കോഴിക്കോട്: നിപയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ആശ്വാസം. ഇന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് പുറത്ത് വന്ന മുഴുവന്‍ ഫലവും നെഗറ്റീവാണ്. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒന്‍പത് വയസുകാരന്റെ ആരോഗ്യ നില മെച്ചപ്പെട്ടതോടെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
കൂടുതൽ പരിശോധനയ്ക്കായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് വിദഗ്ധ സംഘം നാളെ ജില്ലയിലെത്തും. ഹൈ റിസ്‌ക് ക്യാറ്റഗറിയില്‍ ഉള്‍പ്പെട്ട 23 പേരുടെ ഉള്‍പ്പെടെ 42 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് പുറത്ത് വന്നത്. മലപ്പുറത്ത് ആറ് പേരുടെയും തിരുവനന്തപുരത്തെ രോഗ ലക്ഷണങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥിയുടെയും സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്.
ഇന്ന് 49 പേരെ കൂടി പുതുതായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ ആകെ എണ്ണം 1233 ആയി. 352 പേരാണ് ഹൈറിസ്‌ക് പട്ടികയില്‍ ഉള്ളത്. ഇതില്‍ 129 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 9 വയസുകാരനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയത് ഏറെ ആശ്വാസകരമാണ്.