കൂരാച്ചുണ്ടിൽ വീണ്ടും കഞ്ചാവ് വേട്ട; മൂന്നു പേർ അറസ്റ്റിൽ
പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലും പരിസര പ്രദേശത്തും കഞ്ചാവ് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും മൂന്നുപേർ പോലീസ് പിടിയിൽ. കൂരാച്ചുണ്ട് സ്വദേശിയായ ചുമപ്പുങ്കമറ്റത്തിൽ സോണറ്റ് സന്തോഷ് (28), എടവണ്ണപ്പാറ സ്വദേശിയായ മൻസൂർ അലി(23), തവന്നൂർ സ്വദേശിയായ അബുലൈസ്(37) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കൂരാച്ചുണ്ട് പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സോണറ്റ് സന്തോഷ് മുമ്പും നിരവധി കേസുകളിൽ ഉൾപെട്ടയാളാണെന്നു പോലീസ് പറഞ്ഞു.
പ്രതികളായ മൻസൂർ അലിയെയും അബുലൈസിനെയും മലപ്പുറത്തു വധശ്രമക്കേസിലും പ്രതികളായതിനാൽ കൊണ്ടോട്ടി പോലീസിന് കൈമാറി. കൂരാച്ചുണ്ട് സ്റ്റേഷൻ പരിധിയിൽ പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടിയിരുന്നു.