അധ്യാപിക സഹപാഠിയെ കുട്ടികളെക്കൊണ്ട് തല്ലിച്ച സംഭവത്തിൽ യു.പിയിലെ സ്‌കൂള്‍ അടച്ചിടാൻ ഉത്തരവ്
അന്വേഷണം പൂർത്തിയാകുന്നത് വരെ സ്കൂൾ അടച്ചിടും

ലഖ്നൗ: ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അധ്യാപിക സഹപാഠിയെ മറ്റു മതവിഭാഗത്തിലെ കുട്ടികളെക്കൊണ്ട് തല്ലിച്ച സംഭവത്തിൽ സ്കൂൾ അടച്ചിടാൻ ഉത്തരവ്. വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച നോട്ടീസ് സ്കൂൾ അധികൃതർക്ക് കൈമാറി.
സ്കൂൾ അടച്ചിടുന്ന സാഹചര്യത്തിൽ ഈ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളുടെ പഠനം തടസപ്പെടാതിരിക്കാൻ കുട്ടികളെ സമീപമുള്ള സ്കൂളുകളിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.അന്വേഷണം പൂർത്തിയാകുന്നത് വരെ സ്കൂൾ അടച്ചിടാനാണ് ഉത്തരവായത്.
മുസാഫർനഗറിലെ ഖുബ്ബപുർ ഗ്രാമത്തിലെ നേഹ പബ്ലിക് സ്കൂളിൽ വ്യാഴാഴ്ചയാണ് ഏഴുവയസ്സുകാരനെ അധ്യാപികയായ തൃപ്തി ത്യാഗി സഹപാഠികളെക്കൊണ്ട് തല്ലിച്ചത്. കുട്ടിയെ സാമുദായികമായി അധിക്ഷേപിച്ച അധ്യാപിക, വീണ്ടും വീണ്ടും തല്ലാൻ കുട്ടികളെ പ്രേരിപ്പിച്ചു. അടികിട്ടിയ കുട്ടി വിങ്ങിക്കരയുന്നതും വീഡിയോയിലുണ്ട്.
സംഭവത്തിൽ താൻ ലജ്ജിക്കുന്നില്ലെന്നും ഗ്രാമത്തിലെ എല്ലാവരും തന്റെയൊപ്പമാണെന്നും ആരോപണ വിധേയയായ അധ്യാപിക വ്യക്തമാക്കി. ഒരു അധ്യാപികയെന്ന നിലയിൽ താൻ ഗ്രാമത്തിലെ ജനങ്ങളെയെല്ലാം സേവിച്ചിട്ടുണ്ട്. രാജ്യത്ത് നിയമങ്ങളുണ്ട്. എന്നാൽ സ്കൂളുകളിലെ കുട്ടികളെ നിയന്ത്രിക്കേണ്ടതുണ്ട്.