ക്ഷാമകാലത്ത് ഉപയോഗിക്കാന്‍ വീട്ടില്‍ തന്നെ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി യുവാവ്
19 വയസുള്ള അനന്തു രവിയാണ് എക്സൈസ് പിടികൂടിയത്
കൊല്ലം: ഇരവിപുരം ആക്കോലിൽ വീട്ടിന്റെ ടെറസ്സിന് മുകളിലായി മൺകലത്തിനുള്ളിൽ നട്ടുവളർത്തിവന്ന കഞ്ചാവ് ചെടിയുമായി യുവാവ് പിടിയിൽ. 19 വയസുള്ള അനന്തു രവിയാണ് എക്സൈസ് പിടികൂടിയത്. കഞ്ചാവ് ചെടിക്ക് രണ്ട് മാസത്തോളം വളർച്ചയുണ്ട്. പിടിയിലായ അനന്ദു രവി കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയാണ്.കഞ്ചാവ് കിട്ടാതെ ക്ഷാമം വരുന്ന സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് കഞ്ചാവിന്റെ അരികൾ ഇട്ട് നട്ടു പിടിപ്പിച്ചെതെന്നാണ് മൊഴി.
അതേസമയം, തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട നടന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നു. പള്ളിത്തുറക്ക് സമീപം നെഹ്റു ജംഗ്ക്ഷനിലെ വാടക വീട്ടിലും കാറിലും നിന്നുമായി 155 കിലോഗ്രാം കഞ്ചാവും, 61 ഗ്രാം എംഡിഎംഎയും പിടികൂടി. സംഭവത്തില്‍ നാല് പേരെ എക്സൈസ് എംഫോഴ്സ്മെന്റ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. നഗരം കേന്ദ്രീകരിച്ചുള്ള വിൽപനയ്ക്കായി വിശാഖപട്ടണത്ത് നിന്നാണ് ലഹരിവസ്തുക്കൾ എത്തിച്ചത്.
തിരുവനന്തപുരം തീരമേഖല കേന്ദ്രീകരിച്ചുള്ള ലഹരിവിൽപന സംഘങ്ങളെ കുറിച്ചുള്ള രഹസ്യവിവരമാണ് വൻ ലഹരിമരുന്ന് വേട്ടയിലേക്ക് നയിച്ചത്. രണ്ടാഴ്ച മുമ്പാണ് വലിയവേളി സ്വദേശിയായ 34 കാരൻ അനു, നെഹ്റു ജംഗ്ക്ഷനിൽ വാടകയ്ക്ക് വീട് എടുത്തത്. കഠിനംകുളം സ്വദേശിയായ 24 കാരൻ ജോഷ്വോ, വലിയവേളി സ്വദേശി 31 കാരൻ കാർലോസ്, 20 വയസ്സുള്ള ഷിബു എന്നിവരും ഒപ്പമുണ്ടായിരുന്നു.