ഭാര്യയെ സഹിക്കാൻ വയ്യ; പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെത്തി യുവാവ് തീ കൊളുത്താൻ ശ്രമിച്ചു
യുവാവിന് രക്ഷയായത് പോലീസ് ഉദ്യോഗസ്ഥരുടെ സ്നേഹം
പേരാമ്പ്ര: ദേഹത്ത് പെട്രോൾ ഒഴിച്ച് അർദ്ധരാത്രി പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് തീപ്പെട്ടി ഉരച്ചു. നാടകീയ രംഗങ്ങൾക്കൊടുവിൽ പോലീസിൻ്റെ അനുനയത്തിന് വഴങ്ങി. 26 വയസ്സു മാത്രം പ്രായമുള്ള യുവാവാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
സ്റ്റേഷൻ മുറ്റത്ത് വന്ന് നിന്ന യുവാവ് 'എനിക്ക് ഭാര്യയുമൊത്ത് ജീവിച്ചു പോകാൻ കഴിയില്ല എന്ന്' വിളിച്ചു പറയുന്നുണ്ടായിരുന്നു. ജിഡി ചാർജ് ഡ്യൂട്ടിയിലുണ്ടായിരുന്ന സുനിൽ പെട്രോളിന്റെ മണത്തിൽ നിന്നും അപകടം തിരിച്ചറിഞ്ഞതോടെ നൈറ്റ് ഓഫീസർ ലത്തീഫ് ടി. പാറാവിലുള്ള ഇഷ്, പ്രബീഷ്, ഡ്രൈവർ ബൈജു, സ്റ്റേഷനിലെ മറ്റ് പോലീസുകാരും ജാഗ്രതയോടെ ചുറ്റിലും നില ഉറപ്പിച്ചു.
ജി.ഡി. അനുനയ നീക്കം നടത്തുന്നതിനിടെ തന്നെ മറ്റു പോലീസുകാർ മറ്റു ജാഗ്രതാ നടപടികൾ പൂർത്തിയാക്കി. ബക്കറ്റുകളിൽ വെള്ളം നിറയ്ക്കുകയും സ്റ്റേഷനിലെ കോട്ടൻ ഫ്ലോർ മാറ്റുകൾ തയ്യാറാക്കി വയ്ക്കുകയായിരുന്നു. അതിനിടെ യുവാവിനെ പിടിച്ച് മാറ്റാൻ പോലീസ് ഉദ്യോഗസ്ഥർ നടത്തിയ നീക്കം തിരിച്ചറിഞ്ഞ യുവാവ് കൈയിലുള്ള തീപ്പെട്ടിക്കൊള്ളി ഉരയ്ക്കാൻ ശ്രമിച്ചത് ഭീതി ഉയർത്തി. ഇതോടെ ഉദ്യോഗസ്ഥർ പിന്മാറുകയായിരുന്നു.
ഒടുവിൽ പോലീസുകാരുടെ കരുതലിന്റെയും സ്നേഹത്തിന്റെയും മുന്നിൽ കീഴടങ്ങി പരാതിക്കാരൻ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് പെട്രോളിൽ കുതിർന്ന ടീ ഷർട്ട് മാറ്റി യുവാവ് ശാന്തനായി. തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയും അവരെത്തി യുവാവിനെ കൊണ്ടുപോവുകയുമായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ സ്നേഹപൂർവമായ അനുനയ നീക്കത്തിലൂടെ തിരിച്ചു കിട്ടിയത് യുവാവിൻ്റെ ജീവനാണ്.