മദ്യപിച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ ടി.ടി.ഇ. അറസ്റ്റില്‍
അതിക്രമം നടന്നത് രാജറാണി എക്‌സ്പ്രസ്സിൽ

കോട്ടയം: ട്രെയിൻ യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ടി.ടി.ഇ. അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി നിധീഷിനെയാണ് കോട്ടയം റെയില്‍വേ പൊലീസ് പിടികൂടിയത്. ഇയാൾ മദ്യപിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ നിലമ്പൂരില്‍ നിന്നും പുറപ്പെട്ട രാജറാണി എക്‌സ്പ്രസ്സിലാണ് സംഭവം. നിലമ്പൂരില്‍ നിന്നും പിതാവിനൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്. യുവതി തനിച്ചാണ് യാത്ര ചെയ്തിരുന്നത്. ട്രെയിനിലേക്ക് കയറ്റി വിട്ടപ്പോള്‍ തന്നെ പിതാവ് 'മകള്‍ ഒറ്റയ്ക്കാണ് ഒന്ന് നോക്കണേ' എന്ന് ടി.ടി.ഇയോട് പറഞ്ഞിരുന്നു. ഇതോടെ ഇയാള്‍ പരിചയം സ്ഥാപിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
നിലമ്പൂരില്‍ നിന്നും യാത്ര തിരിച്ച് ഒരു മണിക്കൂര്‍ ആയപ്പോഴേക്കും ഇയാള്‍ പെണ്‍കുട്ടി ഇരിക്കുന്ന സീറ്റിനടുത്ത് വരികയും അശ്ലീലച്ചുവയോടെ സംസാരിക്കുകയുമായിരുന്നു. പിന്നീട് മറ്റൊരു കമ്പാര്‍ട്ട്‌മെന്റിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇത് പെണ്‍കുട്ടി നിരസിച്ചതോടെയാണ് ആ ഇയാള്‍ ബലപ്രയോഗം നടത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടി തിരുവനന്തപുരം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കും റെയില്‍വേ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കും ഫോണിലൂടെ പരാതി അറിയിക്കുകയായിരുന്നു.