സമസ്ത സെക്രട്ടറി എം ടി അബ്ദുല്ല മുസ് ലിയാരെ വഴിയിൽ തടഞ്ഞു
വളാഞ്ചേരി മർകസുത്തർബിയ്യത്തുൽ ഇസ് ലാമിയ്യ കമ്മിറ്റി യോഗത്തിനെത്തിനിടെയാണ് സംഭവം
മലപ്പുറം: സമസ്ത കേരളാ ജംഇയ്യതുൽ ഉലമാ സെക്രട്ടറിയും സമസ്ത കേരളാ ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയുമായ എം.ടി അബ്ദുല്ല മുസ് ലിയാരെ വഴിയിൽ തടഞ്ഞതായി പരാതി. വളാഞ്ചേരി മർകസുത്തർബിയ്യത്തുൽ ഇസ് ലാമിയ്യയിലേക്ക് കമ്മിറ്റി യോഗത്തിനെത്തിയ അദ്ദേഹം യോഗം കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോഴായിരുന്നു വാഫി വിദ്യാർഥികളും രക്ഷിതാക്കളും തടഞ്ഞു വച്ചത്.
സി.ഐ.സിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പിന്നാലെ വളാഞ്ചേരി മർകസിൽ വാഫി, വഫിയ്യ കോഴ്സുകൾ തുടർന്നു നടത്തേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെയായിരുന്നു പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാർ തുടങ്ങിയവർ പങ്കെടുത്തുള്ള യോഗം നടക്കുകയും സി.ഐ.സിയുടെ കീഴിലുള്ള കോഴ്സുകൾ തുടരേണ്ടതില്ലെന്ന് തീരുമാനമെടുക്കുകയും ചെയ്തത്.
ഈ യോഗം കഴിഞ്ഞ് മുനവ്വറലി തങ്ങളും ആലിക്കുട്ടി മുസ് ലിയാരും അടക്കമുള്ളവർ മടങ്ങി. പ്രശ്നമുണ്ടാക്കിയവരുമായി എം.ടി അബ്ദുല്ല മുസ് ലിയാർ അടക്കമുള്ളവർ സംസാരിച്ചെങ്കിലും കമ്മിറ്റി തീരുമാനം അംഗീകരിക്കില്ലെന്നായിരുന്നു അവരുടെ വാശി. ഇതിനു പിന്നാലെ മടങ്ങാനൊരുങ്ങിയപ്പോഴാണ് എം.ടി അബ്ദുല്ല മുസ് ലിയാർ, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ അടക്കമുള്ള നേതാക്കളെ ചിലർ തടഞ്ഞു വച്ചത്. കോളജിന്റെ കവാടം അടച്ച് നേതാക്കളെ പുറത്തുവിടില്ലെന്ന രീതിയിലേക്ക് വന്നപ്പോൾ, വളാഞ്ചേരി പൊലിസ് സ്ഥലത്തെത്തി പിരിച്ചുവിട്ടു. ഇതിനു ശേഷമാണ് നേതാക്കൾ മടങ്ങിയത്.