കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ കൃത്രിമമായ തിരക്കുണ്ടാക്കി രോഗിയുടെ സ്വർണാഭരണം മോഷ്ടിച്ചു
രണ്ട് സ്ത്രീകൾ മാല മോഷ്ടിക്കുന്ന ദൃശ്യം ആശുപത്രിയിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്
കുറ്റ്യാടി: കൃത്രിമമായി തിക്കും തിരക്കും സൃഷ്ടിച്ചശേഷം ആശുപത്രിയിൽ എത്തിയ രോഗിയുടെ മാല കവർന്ന് മോഷ്ടാക്കൾ. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലാണ് ഇന്നലെ സംഭവമുണ്ടായത്. തിരക്കേറിയ ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിൽ വരിനിൽക്കുന്ന തിനിടെയാണ് ഊരത്ത് സ്വദേശി കാരംകോട്ട് വീട്ടിൽ ലീലയുടെ രണ്ട് പവനോളം വരുന്ന സ്വർണമാല നഷ്ടപ്പെട്ടത്.
മുപ്പത്തിയഞ്ച് നാൽപത്തിയഞ്ച് വയസോളം പ്രായം വരുന്ന രണ്ട് സ്ത്രീകൾ മാല മോഷ്ടിക്കുന്ന ദൃശ്യം ആശുപത്രിയിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യത്തിൽ കാണുന്ന പ്രതികളെന്ന് സംശയിക്കപ്പെടുന്നവർ മാസ്ക് ധരിച്ചതിനാൽ അവരെ വ്യക്തമായി തിരിച്ചറിയാനായിട്ടില്ല. ടിക്കറ്റ് കൌണ്ടറിനടുത്ത് അനാവശ്യമായി തിക്കും തിരക്കും ഉണ്ടാക്കി അവസരം മുതലെടുത്താണ് ഇവർ മാല മോഷണം നടത്തിയത്.
ലീല നൽകിയ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 80000 രൂപയോളം വിലമതിക്കുന്ന മാലയാണ് നഷ്ടപ്പെട്ടതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റ്യാടി പൊലീസ് പറഞ്ഞു. ആശുപത്രിയിലെ ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ ജീവിനക്കാരെ നിയമിക്കണമെന്ന് ഇവിടെ എത്തുന്ന രോഗികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ലെന്ന് രോഗികൾ പറയുന്നു.