നരക്കോട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം
ഇന്നലെ വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം
മേപ്പയൂർ: നരക്കോട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് യുവാവ് മരിച്ചു. കീഴരിയൂർ തെക്കേ വലിയപറമ്പിൽ മീത്തൽ ഷിബു (36) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെ 60 അടി താഴ്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു.
വിവരമറിഞ്ഞതിനെ തുടർന്ന് കൊയിലാണ്ടിൽ നിന്നും പേരാമ്പ്രയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തുകയും ചെയ്തു. പേരാമ്പ്ര ഫയർ സ്റ്റേഷനിലെ ശ്രീകാന്ത്, വിനീത് എന്നിവർ 60 അടി താഴ്ചയുള്ള കിണറിൽ ഓക്സിജൻ ഇല്ലാത്തതിനാൽ ബിഎ സെറ്റ് ഉപയോഗിച്ച് ഇറങ്ങുകയും ഷിബുവിനെ റെസ്ക്യൂ നെറ്റിൽ സേനാംഗങ്ങളുടെ സഹായത്തോടെ കരയ്ക്ക് എത്തിക്കുകയുമായിരുന്നു. തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല. കിണർ ആൽമറ ഇല്ലാത്തതും രണ്ട് തട്ടായി നിർമ്മിച്ചതുമായിരുന്നു.
സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദന്റെ നേതൃത്വത്തിൽ കൊയിലാണ്ടി സ്റ്റേഷനിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് - സ്റ്റേഷൻ ഓഫീസർ പി.കെ. ബാബു, ഫയർ ആൻഡ് റെസ്ക ഓഫീസർമാരായ റാഷിദ്, ഇർഷാദ്, ഇ.എം. നിധിപ്രസാദ്, എസ്. അരുൺ, മനോജ്, സജിത്ത്, ഹോം ഗാർഡുമാരായ ബാലൻ, രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.