ചെറുവണ്ണൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 9 പേർ പത്രിക സമർപ്പിച്ചു
ഇരുമുന്നണികൾക്കും ഭീഷണിയായി രണ്ടു വീതം അപരകൾ

ചെറുവണ്ണൂർ: കോഴിക്കോട് ജില്ല ഉറ്റു നോക്കുന്ന ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ഡമ്മികളും അപരകളും അടക്കം 9 പേർ പത്രിക സമർപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി കെ സി ആസ്യക്കുവേണ്ടി രണ്ട് സെറ്റ് പത്രികയും യുഡിഎഫ് സ്ഥാനാർത്ഥി മുംതാസിന് വേണ്ടി മൂന്ന് സെറ്റ് പത്രികയും ഉൾപ്പടെ ആകെ 17 പത്രികകളാണ് സമർപ്പിച്ചത്. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെ വൈകിട്ട് 5 മണി വരെ ലഭിച്ച കണക്കാണിത്. ബിജെപി സ്ഥാനാർത്ഥിയായി ഷിജിനി സദനിൽ ജിൻസിയാണ് പത്രികനൽകിയത്.
യുഡിഎഫ് സ്ഥാനാർത്ഥിക്ക് അപരയായി മഞ്ചേരി തറവട്ടത്ത് മുംതാസും കൊമ്മണിയോട്ടുമ്മൽ മുംതാസും രംഗ പ്രവേശനം ചെയ്തിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ അപരയായി പന്തപ്പിലാക്കൂൽ ആസ്യയും കുന്നത്ത് ആസ്യയുമാണ് മത്സരിക്കാൻ നാമനിർദേശം നൽകിയത്.എൽഡിഎഫിന്റെ അപരമാർ 2 സെറ്റ് വീതം പത്രിക സമർപ്പിച്ചു. കഴിഞ്ഞതവണ വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭൂരി പക്ഷത്തേക്കാൾ കൂടുതൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ അപര സ്ഥാനാർത്ഥി നേടിയിരുന്ന പശ്ചാത്തലത്തിലാണ് ഇത്തവണ അപരന്മാരുടെ അതിപ്രസരം ഉണ്ടായിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയും നിലവിലെ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ഇ ടി രാധയുടെ ഭൂരിപക്ഷം 11 വോട്ട് ആയിരുന്നു. എന്നാൽ യു ഡി എഫ് സ്ഥാനാർഥി ശ്രീലേഖ പയ്യത്തിന്റെ അപര 13 വോട്ടുകൾ നേടി. വീണ്ടും അപരകളെ പരീക്ഷിക്കുന്നത് ഇരുമുന്നണികൾക്കും തലവേദനയാകുമെന്നുറപ്പാണ്. ഇതിനിടെ ശ്രദ്ധേയമായ ഒരു കാര്യം കഴിഞ്ഞ തവണ 26 വോട്ട് നേടിയ എസ്ഡിപിഐ ഇത്തവണ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തുന്നില്ല എന്നതാണ്. ഇത് ഇരു മുന്നണികളുടെയും ആശങ്ക വർദ്ധിപ്പിക്കുന്നു. ഇന്ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. പതിമൂന്നാണ് പിൻവലിക്കാനുള്ള അവസാന തീയതി .