അറുപതടി താഴ്ചയുള്ള കിണറിൽ വീണ സ്ത്രീയ്ക്ക് രക്ഷകരായി പേരാമ്പ്ര ഫയർ ഫോഴ്സ്
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം

പേരാമ്പ്ര: കിണറിൽ വീണ സ്ത്രീയ്ക്ക് രക്ഷകരായി പേരാമ്പ്ര അഗ്നിശമന സേന. കരുവണ്ണൂരിലെ കുറ്റിയുള്ളതിൽ സതിയെ (60)യാണ് അഗ്നിശമന സേന രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് ഇവർ വീട്ടിലെ അറുപത് അടിയോളം താഴ്ചയുള്ള കിണറിൽ വീണത്.
വിവരം അറിഞ്ഞെത്തിയ സമീപത്തെ താമസക്കാരനായ പേരാമ്പ്ര ഫയർ സ്റ്റേഷനിലെ ഹോം ഗാർഡ് എ.സി. അജീഷും നാട്ടുകാരനായ വെങ്ങിലാട്ട് ഹാരിസും കിണറ്റിൽ ഇറങ്ങുകയായിരുന്നു. താഴ്ഭാഗത്ത് പടവുകൾ ഇല്ലാത്തതിനാൽ വെള്ളത്തിൽ കയറിൽ തൂങ്ങി നിന്ന് അഗ്നിരക്ഷാ ജീവനക്കാർ എത്തുന്നത് വരെ ഇവർ സതിയെ താങ്ങി നിർത്തുകയായിരുന്നു. സതിയ്ക്ക് കൈയ്ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. വിനോദന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ ഇ.എം. പ്രശാന്ത്, പി.ആർ. സത്യനാഥ്, എ.കെ. ഷിഗിൻ ചന്ദ്രൻ, ആർ. ജിനേഷ്, ഹോം ഗാർഡ് എൻ.എം. രാജീവൻ എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.