പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി കൊച്ചി; ആഘോഷം കനത്ത സുരക്ഷകൾക്ക് നടുവിൽ
രൂപമാറ്റം വരുത്തിയ കൊച്ചിയിലെ പപ്പാഞ്ഞിക്ക് ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് തീ കൊളുത്തും

കൊച്ചി: കടുത്ത സുരക്ഷകള്‍ക്ക് നടുവില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി കൊച്ചി. ആഘോഷം ഇന്ന് വൈകീട്ട് മുതല്‍ ആരംഭിക്കും. ഒരു മാസമായി കാര്‍ണിവലിന്റെ ആവേശത്തിലാണ് നഗരം. ഫോര്‍ട്ട് കൊച്ചിയിലാണ് പ്രധാന ആഘോഷങ്ങൾ നടക്കുക. കോവിഡിന് ശേഷമുള്ള ഈ പുതുവത്സരാഘോഷങ്ങള്‍ക്ക് കനത്ത ജാഗ്രതയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. രാത്രി 10 മണിക്ക് തുടങ്ങുന്ന ആഘോഷം 12 വരെ നീളും. 12 മണിക്ക് ഫോര്‍ട്ട് കൊച്ചിയിലെ പപ്പാഞ്ഞിയെ കത്തിക്കും.
ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെ പാപ്പാഞ്ഞിക്ക് മോദിയുടെ രൂപസാദൃശ്യമുണ്ടെന്ന് ആരോപിച്ചും കത്തിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞും നേരത്തെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ പപ്പാഞ്ഞിക്ക് രൂപമാറ്റം വരുത്തിയാണ് കത്തിക്കുന്നത്. പുതുവത്സരാഘോഷം രാത്രി 12 മണി വരെ മതിയെന്ന് നേരത്തെ നിര്‍ദ്ദേശമുണ്ട്.
പന്ത്രണ്ട് മണിക്ക് ശേഷമുള്ള ആഘോഷങ്ങളിലും ഡിജെ പരിപാടികള്‍ക്കടക്കം കര്‍ശന നിയന്ത്രണമുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. പാര്‍ട്ടികള്‍ നടക്കുന്ന വേദികളില്‍ മഫ്തി പോലീസിന്റെ സാന്നിധ്യം ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി. പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗം തടയാനാണ് ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പൊലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവനാളുകളുടേയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കാനും ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനുമാകും നിര്‍ദ്ദേശം.