വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ഒന്നര വയസ്സുകാരനു നേരെ തെരുവുനായകളുടെ ആക്രമണം
ഗുരുതര പരിക്കുകളുമായി കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: തെരുവുനായയുടെ ആക്രമണത്തിൽ ഒന്നര വയസ്സുകാരന് ഗുരുതര പരിക്ക്. മയ്യനാട് സ്വദേശികളായ രാജേഷ് - ആതിര ദമ്പതികളുടെ മകൻ അർണവാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. ശരീരം മുഴുവൻ പരുക്കേറ്റ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.
വീടിന്റെ മുറ്റത്തിരുന്നു കളിക്കുകായയിരുന്ന കുട്ടിയെ തെരുവ് നായകൾ ആക്രമിക്കുകയായിരുന്നു. സംഭവ സമയത്ത് കുട്ടിയുടെ മുത്തശ്ശി മാത്രമേ ഈ സമയം വീട്ടിലുണ്ടായിരുന്നുളളൂ. കുട്ടിയുടെ കരച്ചിൽ കേട്ട് മുറ്റത്തേക്ക് ഓടിയെത്തിയ മുത്തശ്ശി, ഇരുപതോളം തെരുവ് നായകൾ ചേർന്ന് കുട്ടിയെ ആക്രമിക്കുന്നതാണ് കണ്ടത്. തുടർന്ന് തെരുവ് നായകളെ മരക്കഷ്ണം ഉപയോഗിച്ച് ആട്ടിയോടിക്കുകയായിരുന്നു.
ശരീരമാസകലം പരിക്കേറ്റ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പേവിഷബാധയ്‌ക്കെതിരായ വാക്‌സിനടക്കമുള്ള ചികിത്സ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.