തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒഴിവുകളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം; മന്ത്രി എം. ബി. രാജേഷ്
മേയർ സിപിഐഎം ജില്ലാ നേതൃത്വത്തിന് കത്തയച്ചെന്ന വാദം നിലനിൽക്കുമ്പോഴാണ് നടപടി

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ നിലവിലുള്ള 295 താല്‍ക്കാലിക ഒഴിവുകളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്. ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്റെ ലെറ്റര്‍ പാഡില്‍ സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്ത് അയച്ചെന്ന വിവാദം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 താത്ക്കാലിക തസ്തികകളിലാണ് നിലവിൽ ഒഴിവുള്ളത്. ഈ ഒഴിവുകളിലേക്കാണ് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടികയാവശ്യപ്പെട്ടുകൊണ്ടുളള മേയറുടെ ഔദ്യോഗിക കത്ത് പുറത്ത് വന്നത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിൽ ആനാവൂര്‍ നാഗപ്പനെ 'സഖാവേ' എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്.
ഒഴിവുകളുടെ വിശദവിവരവും ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന അഭ്യര്‍ഥനയും അപേക്ഷിക്കേണ്ടതെങ്ങനെയെന്നും അവസാന തീയതിയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. ചില സിപിഐഎം നേതാക്കളുടെ വാട്‌സാപ് ഗ്രൂപ്പുകള്‍ വഴിയാണ് കത്ത് പരസ്യമായത്. കോര്‍പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് ദിവസവേതനത്തിനു 295 പേരെ നിയമിക്കുന്നത്.
അതേസമയം, കത്തിനെ തള്ളി മേയർ അര്യാ രാജേന്ദ്രനും ആനാവൂർ നാഗപ്പനും രംഗത്തെത്തി. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമര്‍ശനവും ഇതിനകം ഉയർന്നിട്ടുണ്ട്. സംഭവത്തില്‍ ആര്യാ രാജേന്ദ്രനെതിരെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് ദേശീയ സമിതി അംഗം ജെ എസ് അഖിലാണ് പരാതി നല്‍കിയത്.