headerlogo
recents

കാക്കിക്കുള്ളിലെ അമ്മ മനസിന് പോലീസ് മേധാവിയുടെ ആദരം

അമ്മയില്‍ നിന്ന് അകറ്റപ്പെട്ട കൊച്ചു കുഞ്ഞിനെ സ്വന്തം മുലപ്പാല്‍ നല്‍കി രക്ഷിച്ച പോലീസുകാരി എം.ആര്‍.രമ്യയെയാണ് സംസ്ഥാന പോലീസ് മേധാവി ആദരിച്ചത്.

 കാക്കിക്കുള്ളിലെ അമ്മ മനസിന് പോലീസ് മേധാവിയുടെ ആദരം
avatar image

NDR News

02 Nov 2022 08:58 PM

തിരുവനന്തപുരം: കാക്കിക്കുള്ളിലെ അമ്മ മനസിന് അർഹിക്കുന്ന അംഗീകാരം. കുടുംബപ്രശ്നത്തെ തുടര്‍ന്ന് അമ്മയില്‍ നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് മുലപ്പാല്‍ നല്‍കി ജീവന്‍ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥ എം.ആര്‍.രമ്യയെ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ആദരിച്ചു. കോഴിക്കോട് ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രമ്യയെയും കുടുംബത്തെയും പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചത്. മതിയായ ആഹാരം ലഭിക്കാതെ അവശനിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതിയ രമ്യയുടെ കാരുണ്യ പൂര്‍വ്വമായ പ്രവൃത്തി സേനയുടെ യശസ്സ് വര്‍ധിപ്പിച്ചതായി സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

          ക്ഷീണിതയായ കുഞ്ഞിനെ മുലപ്പാല്‍ നല്‍കി രക്ഷിക്കാന്‍ സ്വയമേവ മുന്നോട്ടുവന്ന രമ്യയുടെ സേവനം ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് സംസ്ഥാന പോലീസ് മേധാവിക്ക്  കത്തെഴുതിയിരുന്നു. രമ്യയ്ക്ക് നല്‍കാനായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൈമാറിയ സര്‍ട്ടിഫിക്കറ്റും സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് രമ്യയ്ക്ക് സമ്മാനിച്ചു. പോലീസിന്‍റെ ഏറ്റവും നല്ല മുഖമാണ് ഈ ഓഫീസറെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ട്ടിഫിക്കറ്റില്‍ കുറിച്ചു.

           കഴിഞ്ഞ ശനിയാഴ്ച  രാവിലെയാണ് 22 വയസ്സുളള യുവതി കുഞ്ഞിനെ കാണാനില്ലെന്ന പരാതി ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയത്. പരസ്പരമുളള തര്‍ക്കത്തെത്തുടര്‍ന്ന് കുട്ടിയെ അച്ഛന്‍, അമ്മയുടെ അടുക്കല്‍ നിന്ന് മാറ്റുകയായിരുന്നു. കുഞ്ഞുമായി പിതാവ് ബാംഗ്ലൂരിലെ ജോലി സ്ഥലത്തേയ്ക്ക് പോയിരിക്കാം എന്ന നിഗമനത്തില്‍ വയനാട് അതിര്‍ത്തിയിലെ പോലീസ് സ്റ്റേഷനുകളില്‍ വിവരമറിയിച്ചു. സംസ്ഥാന അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞ് നടത്തിയ പരിശോധനയില്‍ കാറില്‍ യാത്രചെയ്യുകയായിരുന്ന കുഞ്ഞിനെയും പിതാവിനെയും സുല്‍ത്താന്‍ ബത്തേരി പോലീസ്  കണ്ടെത്തി.

       മുലപ്പാല്‍ ലഭിക്കാതെ ക്ഷീണിച്ചിരുന്ന നവജാതശിശുവിനെ പോലീസ് അതിവേഗം ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കുഞ്ഞിന്‍റെ ഷുഗര്‍ ലെവല്‍ കുറവാണെന്ന് കണ്ടെത്തിയതോടെ കുഞ്ഞിനെ തിരികെ എത്തിക്കാന്‍ വയനാടെത്തിയ ചേവായൂര്‍ പോലീസ് സംഘത്തിലെ രമ്യ താന്‍ മുലയൂട്ടുന്ന അമ്മയാണെന്ന് ഡോക്ടറെ അറിയിച്ചു. തുടര്‍ന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി മുലയൂട്ടി ക്ഷീണമകറ്റുകയായിരുന്നു. അന്ന് രാത്രിയോടെ കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിക്കുകയും ചെയ്തു. 
  
           നാലുവര്‍ഷം മുമ്പ് പോലീസ് സേനയില്‍ ചേര്‍ന്ന രമ്യ കോഴിക്കോട് ചിങ്ങപുരം സ്വദേശിയാണ്. വനിതാ ബറ്റാലിയനിലെ രണ്ടാം ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കി ആംഡ് പോലീസ് ബറ്റാലിയന്‍റെ നാലാം ദളത്തില്‍ സേവനമനുഷ്ടിച്ചിരുന്ന രമ്യ മാതൃത്വ അവധിക്കുശേഷമാണ് ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ ജോലിക്കെത്തിയത്. നാലും ഒന്നും വയസ്സുളള രണ്ടു കുട്ടികളുടെ മാതാവാണ് രമ്യ. മലപ്പുറം അരീക്കോട് കൊഴക്കോട്ടൂര്‍ എല്‍.പി.സ്കൂള്‍ അധ്യാപകന്‍ അശ്വന്ത് വിശ്വൻ വി.ആര്‍ ആണ്  ഭര്‍ത്താവ്.

NDR News
02 Nov 2022 08:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents