പണം തട്ടിയ കേസിൽ കൊയിലാണ്ടിയിലെ മുൻ തഹസിൽദാറടക്കം നാലു പേർ അറസ്റ്റിൽ
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിരവധി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി

കോഴിക്കോട്:റവന്യൂ രേഖകൾ വ്യാജമായി ചമച്ച് കെഎസ്‌എഫ്‌ഇ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് കോടികൾ തട്ടിയ കേസിൽ റിട്ട. തഹസിൽദാർ ഉൾപ്പെടെ നാലു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി താലൂക്ക് റിട്ട. തഹസിൽദാർ പയ്യോളി ആവിക്കൽ തോട് അഭയത്തിൽ കെ പ്രദീപ് കുമാർ ( 59 ), വയനാട് സുൽത്താൻ ബത്തേരി പട്ടരുപടി മാട്ടാൻ തൊടുവിൽ ഹാരിസ് (42), മലപ്പുറം കാളികാവ് പുല്ലങ്ങോട്ട് കിഴക്കേതറ കെ ഷാജഹാൻ (45), മൊറയൂർ കറുത്തേടത്ത് കെ നാദിർ (26) എന്നിവരെയാണ് കസബ എസ്ഐ വി പി ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിരവധി സ്ഥാപനങ്ങളാണ് തട്ടിപ്പിനിരയായത്. സംഘത്തിലെ പ്രധാനിയായ കല്ലായി ചക്കുംകടവ് വലിയകംപറമ്പ് റിയാസ് മൻസിലിൽ വി പി മുഹമ്മദ് റിയാസിനെ (46) കസബ എസ്ഐ വി പി ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. കട്ടിപ്പാറ വില്ലേജ് ഓഫീസിൽനിന്നുള്ള ലൊക്കേഷൻ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്‌കെച്ച് എന്നീ രേഖകൾ വ്യാജമായി നിർമിച്ചാണ് കെഎസ്‌എഫ്‌ഇ ശാഖകളിൽനിന്ന് ഇയാൾ പണം തട്ടിയത്.
കെഎസ്‌എഫ്‌ഇ മാവൂർ റോഡ് ശാഖയിൽ നിന്നുമാത്രം ചിട്ടിവിളിച്ചും വായ്‌പയെടുത്തും 16.3 ലക്ഷം രൂപ തട്ടി. കെഎസ്‌എഫ്‌ഇ പാളയം ബ്രാഞ്ചിലും സമാന തട്ടിപ്പ് നടന്നു. കസബ സ്‌റ്റേഷനിൽ മാത്രം തട്ടിപ്പുമായി ബന്ധപ്പെട്ട് 20 പരാതികളുണ്ട്.
സംശയംതോന്നി ഈങ്ങാപ്പുഴ കെഎസ്‌എഫ്‌ഇ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ബാലുശേരി വില്ലേജ് ഓഫീസിന്റെ പേരിലുള്ള ക്രമക്കേട് കണ്ടെത്തിയത്. ഇതിന് പിന്നാലെ ജില്ലയിൽ 12 വില്ലേജുകളിൽ സമാന തട്ടിപ്പ് നടന്നതായും കണ്ടെത്തി. സീനിയർ സിപിഒ എസ് രഞ്‌ജീവ്, സുനിൽ, ലീന എന്നിവരും അന്വേഷണ സംഘത്തിലുണ്ടാ യിരുന്നു.