ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പയിന് നാളെ തുടക്കം
സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

കോഴിക്കോട്: മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് നാളെ തുടക്കമാകും. നവംബര്‍ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കും.
നാളെ രാവിലെ 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യുന്നത്. പ്രസംഗം പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം ഓരോ കേന്ദ്രത്തിലും ഒരുക്കിയിട്ടുണ്ട്. ജനപ്രതിനിധികളും സംഘടനകളും കൂട്ടായ്മകളും പ്രതിനിധികളും കലാകായിക പ്രതിഭകളുമെല്ലാം ഓരോ കേന്ദ്രത്തിലും പരിപാടികളില്‍ പങ്കെടുക്കും.
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയാണ് പ്രചാരണത്തിന്‍റെ ബ്രാൻഡ് അംബാസിഡര്‍. ലഹരിക്കെതിരെയുള്ള പരിപാടികളുടെ ഭാഗമായി സംസ്ഥാനതലം മുതല്‍ വാര്‍ഡ് തലം വരെയും സ്കൂള്‍ തലം വരെയും ജനകീയ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഒക്ടോബർ രണ്ടിന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം സിപിഐഎം നേതാവും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് മാറ്റുകയായിരുന്നു.