വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടർക്ക് മർദനം
ഫുൾ ടിക്കറ്റ് എടുക്കാത്തതിന് സീറ്റിലിരുന്ന കുട്ടിയുടെ ബാഗ് പിടിച്ച് വച്ചു

അരീക്കോട്: വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടർക്ക് വിദ്യാർഥിനിയുടെ ബന്ധു ക്കളുടെ നേതൃത്വത്തിൽ മർദ്ദനം. അരീക്കോട് - മുക്കം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെയാണ് ജീപ്പിലെത്തിയ പത്തോളം പേർ ചേർന്ന് മർദിച്ചത്. തി വൈകീട്ട് ആറരയോടെ മുക്കം ബസ് സ്റ്റാൻഡിലാണ് സംഭവം.
കോഴിക്കോട്ടെ സ്വകാര്യ കോളജിലെ ബികോം വിദ്യാർഥിനിയോടാണ് കണ്ടക്ടർ അപമര്യാദയായി പെരുമാറിയത്. വിദ്യാർഥിനിക്ക് ബസിൽ സീറ്റു കിട്ടിയപ്പോൾ ഇരിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ടിക്കറ്റെടുക്കാൻ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ അരീക്കോട് കൊണ്ടു പോയി ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ. കുട്ടി വിസമ്മതിച്ചതോടെ കണ്ടക്ടർ ബാഗ് വാങ്ങി വെച്ചതായി വിദ്യാർഥിനി പറഞ്ഞു.ഇതോടെ വിദ്യാർഥിനി വിദേശത്തുള്ള സഹോദരനെ വിവരമറിയിച്ചു. സഹോദരൻ നാട്ടിലുള്ള സുഹൃത്തുക്കളെയും വിവരമറിയിച്ചു.
ബസ് കെട്ടാങ്ങലിൽ എത്തിയിട്ടും കണ്ടക്ടർ ബാഗ് വിട്ടു നൽകാതായതോടെ വിദ്യാർഥിനി മുക്കം വരെ ബസിൽ യാത്ര തുടർന്നു. ബസ് മുക്കം സ്റ്റാൻഡിൽ എത്തുമ്പോഴേക്കും പത്തോളം പേർ ജീപ്പിൽ എത്തിയിരുന്നു. കണ്ടക്ടർ ബസിൽ നിന്ന് പുറത്തിറങ്ങിയതോടെ കൂട്ടത്തല്ലായി. ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷമാണെന്നാണ് യാത്രക്കാരും നാട്ടുകാരും ആദ്യം കരുതിയത്. ബസ് ജീവനക്കാർക്ക് പോലും ആക്രമികളെ തടയാനായില്ല. ഒടുവിൽ മുക്കത്തെ കയറ്റിറക്ക് തൊഴിലാളികളാണ് ബസ് കണ്ടക്ടറെ രക്ഷിച്ചത്.