കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട; മുക്കം സ്വദേശി പിടിയിൽ
ശരീരത്തിനകത്ത് കാപ്സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കണ്ടെടുത്തത്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വർണ്ണം കടത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. ഒരു യാത്രക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജിദ്ദയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് മുക്കം സ്വദേശി അബ്ദുള്‍ ഗഫൂര്‍ (32) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 995 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. മിശ്രിതരൂപത്തില്‍ കാപ്സ്യൂളായി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണ്ണ മിശ്രിതത്തിന് ആഭ്യന്തര വിപണിയില്‍ 50 ലക്ഷം രൂപയോളം വില വരും.
ചൊവ്വാഴ്ച രാവിലെ 11.15ന് ജിദ്ദയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് അബ്ദുള്‍ ഗഫൂര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 12.20 ഓടെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ ഇയാളെ പുറത്ത് കാത്തുനിന്ന പോലീസ് പിടികൂടുകയായിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ എയ്ഡ് പോസ്റ്റിലേക്ക് കൂട്ടികൊണ്ട് പോയി ചോദ്യം ചെയ്യുകയായിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. തുടർന്ന് ദേഹപരിശോധനയും ലഗേജ് പരിശോധനയും നടത്തിയെങ്കിലും സ്വര്‍ണം കണ്ടെടുക്കാനായില്ല.
തുടര്‍ന്ന് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. എക്സ്റേ പരിശോധനയിൽ ഇയാളുടെ വയറിനുള്ളില്‍ സ്വർണ്ണം അടങ്ങിയ നാല് ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.