അരക്കിണറിൽ തെരുവുനായ വിദ്യാർഥിയെ ആക്രമിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
രണ്ട് കുട്ടികളുള്‍പ്പെടെ മൂന്നു പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്

കോഴിക്കോട്: ബേപ്പൂർ അരക്കിണറിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ തെരുവ് നായ ക്രൂരമായി ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. സൈക്കിളിലായിരുന്ന വിദ്യാർഥി നൂറാസിനു നേരെ നായ ചാടിവീഴുന്നതും നിലത്ത് വീണപ്പോൾ കൈയിൽ കടിച്ച് വലിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ബേപ്പൂർ അരക്കിണറിൽ രണ്ട് കുട്ടികളുള്‍പ്പെടെ മൂന്നു പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. അരക്കിണര്‍ ഗോവിന്ദപുരം സ്കൂളിന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. നൂറാസിന് പുറമെ ആറാം ക്ലാസുകാരി വൈഗക്കും നാൽപ്പത്തിനാലുകാരനായ ഷാജുദ്ദീനുമാണ് കടിയേറ്റത്.
ആക്രമണത്തിൽ നൂറാസിന്‍റെ കൈയിലും കാലിലും ആഴത്തില്‍ മുറിവേറ്റു. വൈഗയുടെ തുടയുടെ പിന്‍ഭാഗത്തും കടിയേറ്റു. ഗോവിന്ദപുരം സ്കൂള്‍ മൈതാനത്തും പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.