കോടിയേരി ബാലകൃഷ്ണൻ വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈയിലേക്ക്
രാവിലെ പതിനൊന്ന് മണിയോടെയാണ് തുടര്‍ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണനെ ചെന്നൈയിലേക്ക് കൊണ്ടുപോയത്.

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയി.രാവിലെ പതിനൊന്ന് മണിയോടെയാണ് തുടര്‍ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണനെ എകെജി സെന്ററിന് സമീപത്തെ ചിന്ത ഫ്‌ളാറ്റില്‍ നിന്നും ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഫ്‌ളാറ്റില്‍ നിന്നും പ്രത്യേക ആംബുലന്‍സിലാണ് അദ്ദേഹത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുകയും പ്രത്യേകം സജ്ജീകരിച്ച എയര്‍ ആംബുലന്‍സിലാണ് ചെന്നൈയിലേക്ക് പോയത്. അദ്ദേഹത്തിന്റെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും കൂടെയുണ്ട്.
കോടിയേരിക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാനുള്ള പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായാണ് അപ്പോളോ ആശുപത്രിയിലേക്ക് കോടിയേരിയെ കൊണ്ടുപോയത്. തുടര്‍ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വമാണ് ഏകോപിപ്പിക്കുന്നത്. വിദഗ്ധ ചികിത്സയിലൂടെ കോടിയേരി തിരിച്ചുവരുമെന്നാണ് പാര്‍ട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്.
ഇന്നലെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്. പകരം എം വി ഗോവിന്ദനെ പുതിയ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു