ഓണമെത്തും മുൻപെ ട്രെയിൻ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ച് റെയിൽവേ
പ്രീമിയം, തത്‌കാൽ ടിക്കറ്റുകളുടെ പേരിലാണ് റെയിൽവേ നിരക്ക് വർധിപ്പിച്ചത്

കോഴിക്കോട്: ഓണമെത്തും മുൻപെ ട്രെയിൻ ടിക്കറ്റ് നിരക്കുകളിൽ വർദ്ധന. പ്രീമിയം, തത്‌കാൽ ടിക്കറ്റുകളുടെ പേരിലാണ് റെയിൽവേ നിരക്ക് വർധിപ്പിച്ചത്. ആകെ സീറ്റുകളുടെ പത്ത് ശതമാനം വരെ ടിക്കറ്റുകൾ പ്രീമിയം തത്‌കാൽ ക്വോട്ടയിൽ ഉൾപ്പെടുത്തിയാണ് വിൽപ്പന നടത്തുന്നത്. മംഗളൂരുവിനും തിരുവനന്തപുരത്തിനും ഇടയിൽ ഓടുന്ന മിക്ക ട്രെയിനുകളിലും റിസർവേഷൻ ടിക്കറ്റോ തത്‌കാൽ ടിക്കറ്റോ ലഭ്യമല്ല. അതേസമയം, വിലകൂടിയ പ്രീമിയം തത്‌കാൽ ടിക്കറ്റ് ലഭ്യമാണ്.
നേരത്തെ റെയിൽവേ പരിമിതമായ ടിക്കറ്റുകളാണ് പ്രീമിയം തത്‌കാൽ ക്വോട്ടയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഫെസ്റ്റിവൽ സീസൺ ആയതോടെ കൂടുതൽ ടിക്കറ്റുകൾ പ്രീമിയത്തിലേക്ക് മാറ്റുകയാണെന്ന് യാത്രക്കാരുടെ സംഘടനകൾ പറയുന്നു.
കോഴിക്കോട്– തിരുവനന്തപുരം സ്ലീപ്പർ ക്ലാസിൽ യാത്രചെയ്യുന്നതിന് 245 രൂപയാണ് മാവേലി എക്‌സ്‌പ്രസ് ടിക്കറ്റ് നിരക്ക്. തത്‌കാൽ ക്വോട്ടയിൽ 399 രൂപയും പ്രീമിയം തത്‌കാലിൽ 615 രൂപയും നൽകണം. രണ്ടര ഇരട്ടിയോളമാണ് നിരക്കിലെ വർധന. പ്രീമിയം തത്‌കാലിൽ ടിക്കറ്റ് ക്യാൻസൽ അനുവദനീയമല്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നു.