ട്രെയിനിലെ അതിക്രമം ചോദ്യം ചെയ്ത വടകര സ്വദേശി ആർ.പി.എഫ് ഉദ്യോഗസ്ഥയ്ക്ക് വെട്ടേറ്റു
മദ്യലഹരിയിൽ ലേഡീസ് കോച്ചിൽ കയറിയ യുവാവാണ് ഇവരെ വെട്ടി പരിക്കേൽപ്പിച്ചത്

ചെന്നൈ: ട്രെയിനിലെ അതിക്രമം ചോദ്യം ചെയ്ത റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ (ആർ.പി.എഫ്) വനിതാ കോൺസ്റ്റബിളിനെ ട്രെയിനിൽ വച്ച് വെട്ടി പരിക്കേൽപ്പിച്ചു. വടകര പുറമേരി സ്വദേശിനിയായ എൻ. എൻ. ആശിർവയ്ക്കാണ് (23) വെട്ടേറ്റത്. ചെന്നൈയിലെ സബർബൻ ട്രെയിനിൽ ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
മദ്യലഹരിയിൽ ലേഡീസ് കോച്ചിൽ കയറിയ യുവാവാണ് ഇവരെ വെട്ടി പരിക്കേൽപ്പിച്ചത്. ചെന്നൈ ബീച്ചിൽ നിന്ന് വേളാച്ചേരിയിലേക്ക് പോകുന്ന സബർബൻ ട്രെയിനിലെ ഡ്യൂട്ടിക്കിടെയാണ് അപകടമുണ്ടായത്. കോച്ചിൽ നിന്നും ബഹളം കേട്ടതോടെ അവിടേക്ക് എത്തിയതായിരുന്നു ആശിർവ. യാതക്കാർ മദ്യപിച്ച യുവാവിനോട് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായിരുന്നില്ല. ആശിർവയും ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പ്രകോപിതനായ യുവാവ് കയ്യിൽ കരുതിയ കത്തി കൊണ്ട് ഇവരെ വെട്ടുകയായിരുന്നു.
ഒറ്റവെട്ടിൽ ഇവരുടെ കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള മുറിവേറ്റു. യുവാവ് വീണ്ടും ആക്രമിക്കുമെന്ന ഭീതിയിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ആശിർവ പുറത്തേക്ക് ചാടുകയായിരുന്നു. തുടർന്ന് യുവാവും ചാടി രക്ഷപ്പെട്ടു. പരിക്കേറ്റ ആശിർവയെ പെരമ്പൂർ റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.