തെരുവ് നായകളോട് ക്രൂരത; ഓമശ്ശേരിയിൽ നായകൾക്ക് വെട്ടേറ്റ നിലയിൽ
തലയ്ക്ക് പരിക്കേറ്റ രണ്ടു നായകളെ കണ്ടെത്തി

ഓമശ്ശേരി: തെരുവുനായകളെ വെട്ടേറ്റ നിലയിൽ കണ്ടെത്തി. തലയ്ക്ക് വെട്ടേറ്റ നിലയിൽ രണ്ടു നായകളെ ഹാച്ചിക്കോ ആനിമൽ റെസ്ക്യൂ പ്രവർത്തകരാണ് കണ്ടെത്തിയത്. നാട്ടിൻപുറങ്ങളിൽ നായകളെവെട്ടി പരിശീലനം നടത്തുന്ന സംഭവങ്ങൾ കൂടുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇവയെ കണ്ടെത്തിയത്.
തലശ്ശേരിയിൽനിന്നും പാനൂരിൽ നിന്നും അഴുകിയ മുറിവുകളോടെയാണ് നായകളെ കണ്ടെത്തിയത്. ഇവയുടെ തലയ്ക്ക് വെട്ടേറ്റ് ഇടതുചെവി നഷ്ടപ്പെട്ട നിലയിലാണ്. തലശ്ശേരിയിൽ പ്രാഥമിക ചികിത്സ നൽകിയതിനുശേഷം വിദഗ്‌ധചികിത്സയ്ക്കായി ഇവയെ ഓമശ്ശേരിയിലെത്തിച്ചു.
മൂർച്ചയേറിയ ആയുധംകൊണ്ടാണ് ഇവയ്ക്ക് വെട്ടേറ്റിരിക്കുന്നത്. സമാനരീതിയിൽ പരിക്കേറ്റ നായകളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മൂന്നാർ, കുന്നംകുളം, എറണാകുളം, കൊല്ലം, കോഴിക്കോട് പന്തീരാങ്കാവ് എന്നിവിടങ്ങളിൽനിന്ന് ഫോൺ വിളികൾ വന്നതായി ഹാച്ചിക്കോ അംഗങ്ങൾ പറയുന്നു. മിണ്ടാപ്രാണികളോടുള്ള കൊടുംക്രൂരത അവസാനിപ്പിക്കണമെന്നും കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും ഹാച്ചിക്കോ ആനിമൽ റെസ്ക്യൂ പ്രവർത്തകർ ആവശ്യപ്പെട്ടു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.