കൊയിലാണ്ടി റെയിൽവേ പ്ലാറ്റ്ഫോമിൽ കെട്ടിടാവശിഷ്ടങ്ങൾ യാത്രാക്ലേശം സൃഷ്ടിക്കുന്നു
പഴയകെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് റെയിൽവേ പ്ലാറ്റ്ഫോമിൽ കുന്നുകൂടിയത്

കൊയിലാണ്ടി: പ്ലാറ്റ്ഫോമിലെ കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തതു കാരണം നിന്നുതിരിയാൻ ഇടമില്ലാതെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ. ടിക്കറ്റ് വിതരണം ചെയ്യുന്ന പഴയകെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് റെയിൽവേ പ്ലാറ്റ്ഫോമിൽ കുന്നുകൂടിയത്. കോൺക്രീറ്റ് പൊളിച്ചതിന്റെ ഭാഗമായുളള ഇഷ്ടികക്കട്ടകളും തുരുമ്പിച്ച കമ്പികളും സ്റ്റേഷൻമാസ്റ്ററുടെ മുറിക്ക് സമീപമാണ് കൂട്ടിയിട്ടത്. യാത്രക്കാർക്കും റെയിൽവേ ജീവനക്കാർക്കും വലിയ പ്രയാസമാണ് ഇത് സൃഷ്ടിക്കുന്നത്.
രാവിലെയും വൈകീട്ടും വലിയ തിരക്കനുഭവപ്പെടുന്ന കൊയിലാണ്ടി സ്റ്റേഷനിൽ ദിനംപ്രതി മൂവായിരത്തിലധികം യാത്രക്കാരാണ് എത്തുന്നത്. രാവിലെ എറണാകുളത്തേക്കുളള എക്‌സിക്യുട്ടീവ് എക്സ്‌പ്രസ്, പരശുരാം എക്സ്‌പ്രസ് എന്നിവയിൽ കയറാൻ മാത്രമായി നൂറുകണക്കിന് യാത്രക്കാരാണ് സ്റ്റേഷനെ ആശ്രയിക്കുന്നത്. പ്ലാറ്റ്‌ഫോമിലെ അസൗകര്യങ്ങൾ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
കൊയിലാണ്ടി സ്റ്റേഷനിലെ എസ്.ബി.ഐ.യുടെ എ.ടി.എം. സൗകര്യം ഒഴിവാക്കിയതും ദീർഘദൂരയാത്രക്കാർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. കോവിഡ് രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സ്റ്റോപ്പ് റദ്ദ് ചെയ്ത അഞ്ചുവണ്ടികൾ ഇപ്പോഴും കൊയിലാണ്ടിയിൽ നിർത്തുന്നില്ല.
തിരുവനന്തപുരം - മംഗളൂരു 16604 മാവേലി എക്സ്പ്രസിന് നിലവിൽ ഇവിടെ സ്റ്റോപ്പില്ല. പ്രതിവാര വണ്ടികളായ തിരുവനന്തപുരം-വേരാവർ എക്സ്‌പ്രസ്(നമ്പർ 16334), നാഗർകോവിൽ -ഗാന്ധിദാം എക്സ് പ്രസ്(നമ്പർ 16336),കൊച്ചുവേളി- ശ്രീഗംഗാനഗർ എക്സ്‌പ്രസ് (16312) എന്നിവയുടെ ഒരു വശത്തേക്കുള്ള സ്റ്റോപ്പും എടുത്തുമാറ്റിയിട്ടുണ്ട്.