അതിതീവ്ര മഴ; മുന്നറിയിപ്പ് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി
കോഴിക്കോട് ഉൾപ്പെടെ പത്തു ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്കുള്ള അതിതീവ്ര മഴ മുന്നറിയിപ്പ് വളരെ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിതീവ്ര മഴയുടെ ഭാഗമായി ഇന്നും നാളെയുമായി 10 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.
24 മണിക്കൂറിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും തുടർച്ചയായ ഇത്തരത്തിലുള്ള മഴ ലഭിക്കുകയാണെങ്കിൽ അത് പ്രതിസന്ധികൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർഗോഡ് ജില്ലകളിൽ ആഗസ്റ്റ് 2, 3 തീയതികളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴമാപിനികളിൽ തൃശൂർ, എറണാകുളം എന്നീ ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് അതിതീവ്ര മഴ രേഖപ്പെടുത്തിയിട്ടുള്ളത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലെയും ചില പ്രദേശങ്ങളിൽ അതിശക്തമായ മഴ ലഭിക്കുകയുണ്ടായി.
നദികളിലും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്ന സഹാചര്യത്തിൽ നദികളുടെ കരകളിലുള്ള ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകുകയും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികളും സ്വീകരിച്ച് വരുന്നുണ്ട്. ദുരന്ത സാധ്യത പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. മാറിത്താമസിക്കാൻ ആരും വിമുഖത കാണിക്കരുതെന്നും അധികൃതരുടെ നിർദ്ദേശം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ സംസ്ഥാനതല കൺട്രോൾ റൂമായി പ്രവർത്തിക്കുകയാണ്. എല്ലാ ജില്ലകളിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂർ, മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്.