കക്കാട്-മംഗലശ്ശേരിത്തോട്ടം കടവിൽ തൂക്കുപാലം അവസാന ഘട്ട മിനുക്കുപണിയിലേക്ക്
വർഷങ്ങളായുള്ള പ്രദേശവാസികളുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്
കാരശ്ശേരി : കക്കാട് - മംഗലശ്ശേരിത്തോട്ടം കടവിൽ തൂക്കുപാലം ഉദ്ഘാടനത്തിന് സജ്ജമായി. ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലത്തിൻ്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചത് 2020 ഡിസംബറിലാണ്. കോവിഡും ലോക്ഡൗണും കാരണം കുറെക്കാലം മുടങ്ങിയിരുന്ന പ്രവൃത്തി ഇപ്പോൾ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.
പുഴ കടക്കാൻ തെയ്യത്തുംകടവ്- കൊടിയത്തൂർ വഴിയോ ചേന്ദമംഗലൂർ-കച്ചേരി- മുക്കം വഴിയോ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി പോകേണ്ട സ്ഥിതിയാണ് നിലവിൽ. വർഷങ്ങൾക്കുമുമ്പ് വരെ കടത്തു തോണിയെ ആശ്രയിച്ചായിരുന്നു ജനജീവിതം.
കാരശ്ശേരിപ്പഞ്ചായത്തിലെ കക്കാട്, ചീപ്പാൻകുഴി, മുക്കം മുനിസിപ്പാലിറ്റിയിലെ ചേന്ദമംഗലൂർ മംഗലശ്ശേരിത്തോട്ടം എന്നിവിടങ്ങളിലെ ജനങ്ങൾക്ക് കൊടിയത്തൂർ, ചെറുവാടി, കാരശ്ശേരി, മുക്കം, ചേന്ദമംഗലൂർ പ്രദേശങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് ഏറെ ദൂരം സഞ്ചരിക്കേണ്ട സ്ഥിതിക്കാണ് അറുതിയാവുന്നത്.