ബസ് സമരം; സർവീസ് നടത്തുന്ന ബസ്സുകൾക്ക് സംരക്ഷണം നൽകും; ഡിവൈഎഫ്ഐ
യാത്രക്കാരെ പെരുവഴിയിലാക്കുന്ന മിന്നൽ പണിമുടക്കിന് എതിരായി ജില്ലാ കലക്ടർക്ക് പരാതി നൽകും

കോഴിക്കോട്: കുറ്റ്യാടി - കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. സർവീസ് നടത്താൻ തയ്യാറാകുന്ന ബസുകൾക്ക് സംരക്ഷണം നൽകും. യാത്രക്കാരെ പെരുവഴിയിലാക്കുന്ന മിന്നൽ പണിമുടക്കിന് എതിരായി ജില്ലാ കലക്ടർക്ക് പരാതി നൽകുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം, കുറ്റ്യാടി - കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ബസ് ജീവനക്കാരൻ്റെ നേരെ ആക്രമണമുണ്ടായെന്ന് ആരോപിച്ചാണ് തൊഴിലാളികൾ പണിമുടക്ക് നടത്തുന്നത്. എന്നാൽ ഇതേവരെ പ്രശ്നം പരിഹരിക്കാനുള്ള യാതൊരു ശ്രമവും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ചാലിക്കരയിലും അത്തോളിയിലും വെച്ച് സ്വകാര്യ ബസ് ഡ്രൈവർ കെ.എസ്ആർ.ടി.സി. ബസിൽ മനപൂർവ്വം ഇടിച്ചിരുന്നു. സംഭവത്തിൽ പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇതോടെ നിരവധി യാത്രക്കാരാണ് മുന്നറിയിപ്പില്ലാതെ നടത്തിയ പണിമുടക്കിൽ പെരുവഴിയിലായത്. വൻ ജനത്തിരക്ക് അനുഭവപ്പെടുന്ന ഈ റൂട്ടിൽ ബസ് സമരം വൻ ജനരോക്ഷമാണ് സൃഷ്ടിക്കുന്നത്. ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ ഇതിനകം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.