സർക്കാർ ഓഫീസുകളിൽ ഫയൽനീക്കം സുതാര്യവും, നീതിപൂർവ്വവും വേഗത്തിലുമാകണം - മുഖ്യമന്ത്രി
സേവനങ്ങൾ ഉദ്യോഗസ്ഥരുടെ ഔദാര്യമല്ല പൊതുജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ഫയൽനീക്കം സുതാര്യവും, നീതിപൂർവ്വവും വേഗത്തിലുമാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഫയൽ നീക്ക യത്നത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നൽകുന്ന സേവനങ്ങൾ ഉദ്യോഗസ്ഥരുടെ ഔദാര്യമല്ല പൊതുജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന ദൗത്യമാണ് സര്‍ക്കാര്‍ ജീവനക്കാരില്‍ നിക്ഷിപ്തമായിരിക്കുന്നത്. ഭരണ നിര്‍വ്വഹണം ജനോപകാരപ്രദവും ജനങ്ങളോട് സൗഹൃദം പുലര്‍ത്തുന്നതുമാക്കാന്‍ കാര്യക്ഷമവും അഴിമതിരഹിതവുമായ ഒരു സിവില്‍ സര്‍വ്വീസ് അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ചരിത്രപരമായി പരിശോധിച്ചാല്‍ നമ്മുടെ സിവില്‍ സര്‍വ്വീസ് ജനാധിപത്യപൂര്‍വ്വ കാലഘട്ടത്തിലാണ് രൂപീകൃതമായത്. കാലാനുസൃതമായി നമ്മുടെ സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കില്‍ സമഗ്രമായ പുനര്‍നിര്‍വ്വചനം ആവശ്യമാണെന്ന് തോന്നിയ സാഹചര്യത്തിലാണ് കേരള സംസ്ഥാന രൂപീകരണത്തിനുശേഷം നാളിതുവരെ നാല് ഭരണപരിഷ്‌കാര കമ്മീഷനുകളെ നിയമിക്കുകയും അവ സമഗ്രപഠനത്തിനുശേഷം വിശദമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളത്.
ഫയലുകള്‍ യാന്ത്രികമായി തീര്‍പ്പാക്കുന്ന സ്ഥിതി ഉണ്ടാവരുതെന്നും ഓരോ ഓഫീസിലും നിലവിലുള്ള പെന്റിംഗ് ഫയലുകളുടെ എണ്ണം ആദ്യം തയ്യാറാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഓരോ മാസവും കൂട്ടിച്ചേര്‍ക്കുന്ന ഫയലുകളുടെ എണ്ണവും തീര്‍പ്പാക്കുന്ന ഫയലുകളുടെ എണ്ണവും കണക്കെടുത്ത് അതത് മാസം വിലയിരുത്തണം. ഇതിനായി, ഒരു പദ്ധതിയും ആക്ഷന്‍ പ്ലാനും ഉള്‍പ്പെടെ തയ്യാറാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് 04.06.2022 ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് എല്ലാ ഓഫീസുകളും കൃത്യമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.