പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മോഷണം നടത്തിയ പ്രതി പിടിയിൽ
പ്രചോദനമായത് സിനിമകളിലെ കുറ്റകൃത്യങ്ങൾ
കോഴിക്കോട്: കോട്ടുളിയിൽ മുഖം മൂടി ധരിച്ച് പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് അരലക്ഷം രൂപ കവർന്ന കേസിൽ പമ്പിലെ തന്നെ മുൻ ജീവനക്കാരൻ പിടിയിലായി. മലപ്പുറം എടപ്പാളിനടുത്ത കാലടി സ്വദേശി സാദിഖിനെയാണ് (22) പ്രത്യേക അന്വേഷണ സംഘം പിടി കൂടിയത്. മെഡിക്കൽ കോളജ് പൊലീ സ് സംഭവസ്ഥലത്തെത്തിച്ച് തെ ളിവെടുത്തശേഷം കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജ രാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വ്യാഴാഴ്ച പുലർച്ച ഒന്നര മണിക്കാണ് കോട്ടുളി നോബിൾ പെട്രോളിയംസിന്റെ ഓഫിസ് മുറിയിൽ പണം എണ്ണി തിട്ടപ്പെടുത്തുകയായിരുന്ന ജീവനക്കാരൻ മുഹമ്മദ് റാഫിയെ മുളകുപൊടിയെറിഞ്ഞ് കെട്ടിയിട്ട് കീഴ്പ്പെടുത്തിയാണ് സാദിഖ് അരലക്ഷം രൂപ കവർന്നത്. ഡി.സി.പി ആമോസ് മാമന്റെ നിർദേശപ്രകാരം മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർ ശന്റെയും നാർക്കോട്ടിക് സെൽ എ.സി.പി.എ.ജെ. ജോൺസന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ക്രിസ്ത്യൻ കോളജിന് സമീപമുള്ള താമസസ്ഥലത്തുനിന്ന് പ്രതിയെ പിടികൂടിയത്.
'ഡും' അടക്കം ചില സിനിമകളിലെ കുറ്റകൃത്യങ്ങൾ സാദിഖിന് പ്രചോദനമായതായി ഡി.സി. പി ആമോസ് മാമൻ പറഞ്ഞു. പബ്ജി ഗെയിമിനും അടിമയാണ് സാദിഖ്. അഞ്ചു മാസത്തോളം നോബിൾ പെട്രോ ളിയംസിൽ ജോലിക്കാരനായിരുന്ന പ്രതി മൂന്നാഴ്ച മുമ്പാണ് ജോലി അവസാനിപ്പിച്ചത്. ആദ്യമായി നടത്തിയ മോഷണമായിരുന്നു ഇതെന്ന് ഡി.സി.പി ആമോസ് മാമൻ പറഞ്ഞു. പോലീസിന്റെ അതി വിദഗ്ധമായ നീക്കങ്ങളാണ് സംഭവം നടന്ന് രണ്ടു ദിവസത്തിനകം കള്ളനെ പൊക്കാനിടയാക്കിയത്.
മോഷ്ടിച്ചതിൽ 35000 രൂപ ക ണ്ടെടുത്തിട്ടുണ്ട്. വായ്പയെടുത്ത് 2.25 ലക്ഷത്തിന്റെ ബൈക്ക് വാങ്ങിയ പ്രതി സാദിഖിന്, തിരിച്ചടക്കാൻ പണം ആവശ്യമായപ്പോഴാണ് മോഷണ ത്തിനിറങ്ങിയത്. മോഷ്ടിച്ച പണത്തിൽ 10000 രൂപ ബൈ ക്കിന്റെയും 5000 രൂപ മൊബൈൽ ഫോണിന്റെയും വായ്പ തിരിച്ചടവിനായി ഉപയോഗിച്ചതായി പ്രതി മൊഴി നൽകി.
പെട്രോൾ പമ്പുമായി ബന്ധമുള്ളവരാണ് സംഭവത്തിന് പി ന്നിലെന്ന് പൊലീസിന് പ്രാഥമികാന്വേഷണത്തിൽ തന്നെ സൂചന കിട്ടിയിരുന്നു. സി.സി.ടി. വി ദൃശ്യങ്ങൾ അതിസൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് സാദിഖാണ് മോഷ്ടാവെന്ന് വ്യക്തമായത്. സംഭവത്തിനുശേഷം സ്വന്തം നാടായ എടപ്പാളിലേക്ക് പോയിരുന്നു. മറവഞ്ചേരി കാലടി സ്വദേശിയായ സാദിഖ് 13-ാം വയസ്സിൽ നാടുവിട്ട് കോഴിക്കോട്ടെത്തിയതാണ്. പ്ലസ്ടു വരെ പഠിച്ചിട്ടുണ്ട്. ഒറ്റക്കാണ് കൃത്യം നടത്തിയതെന്നും പൊലീസ് അറിയിച്ചു.