കോഴിക്കോട് - ബാംഗ്ലൂർ റൂട്ടിൽ കൂടുതൽ സ്വിഫ്റ്റ് ബസ് സർവീസുകൾ
രണ്ടു സർവീസുകളാണ് നിലവിലുള്ളത്

കോഴിക്കോട്: തിരക്കേറിയ കോഴിക്കോട് - ബാംഗ്ലൂർ റൂട്ടിൽ കൂടുതൽ സ്വിഫ്റ്റ് ബസുകൾ വേണമെന്ന യാത്രക്കാരുടെ ആവശ്യം യാഥാർത്ഥ്യമാകുന്നു. ഒരു പുതിയ സർവീസ് ഉൾപ്പെടെ മൂന്നു ബസുകളാണ് കെ.എസ്.ആർ.ടി.സി. അനുവദിച്ചത്. ആദ്യം നാലു ബസുകൾ അനുവദിച്ചെങ്കിലും ബസുകൾ ലഭ്യമായിരുന്ന സാഹചര്യത്തിൽ രണ്ട് സർവീസുകൾ മാത്രമാണ് ആരംഭിച്ചത്.
നിലവിൽ ഉച്ചയ്ക്ക് പന്ത്രണ്ടിനും രാത്രി ഏഴുമണിക്കുമാണ് സർവീസുകൾ. പുതിയ ബസുകൾ കൂടെ നിരത്തിലിറങ്ങുന്നതോടെ രാവിലെ 8.30നും 8.45 നും രാത്രി 10.30നും സർവീസുകൾ ഉണ്ടാവും. എസി സെമി സ്ലീപ്പർ ബസുകളും എയർബസുകളുമാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്.
യാത്രക്കാർ ഏറെയുള്ള ഈ റൂട്ടിൽ എ സി ഗജരാജ ബസുകൾ വേണമെന്ന ആവശ്യവും ശക്തമാണ്. നിലവിൽ സംസ്ഥാനത്തുള്ള ആറു ഗജരാജ ബസുകൾ അനുവദിച്ചിട്ടുള്ളത് കൊച്ചിക്കും തിരുവനന്തപുരത്തുമാണ്. ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. ഈ സർവീസുകൾക്ക് കെ.എസ്.ആർ.ടി.സി. ഈടാക്കുന്നത് 700 മുതൽ 900 രൂപ വരെയാണ്. അതേസമയം 1700 രൂപ വരെയാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ ഇതിലും ഉയർന്ന നിരക്കാണ്.