കോഴിക്കോട് വൻ ലഹരി വേട്ട; പ്രതി പിടിയിലായത് 10 ലക്ഷം രൂപയുടെ ബ്രൗൺഷുഗറുമായി
ലഹരി സംഘങ്ങൾ നഗരത്തിൽ സജീവമാകുന്നുവെന്ന വിവരത്തെ തുടർന്ന് അന്വേഷണം ഊർജിതമാക്കി
കോഴിക്കോട്: പത്ത് ലക്ഷത്തോളം രൂപ വില വരുന്ന 42 ഗ്രാം ബ്രൗൺ ഷുഗറുമായി
വാഹനപരിശോധനക്കിടെ ഒരാൾ പോലീസ് പിടിയിലായി. കുണ്ടുങ്ങൽ പടന്ന സ്വദേശി സുനീർ (50)നെയാണ് കോഴിക്കോട് ടൗൺ എ.സി.പി ബിജുരാജിന്റെ നേതൃത്വത്തിൽ കസബ എസ്.ഐ ശ്രീജിത്തും ആന്റി നാർക്കോടിക്ക് എ.സി.പി ജയകുമാറിന്റെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ചേർന്ന് ചാലപ്പുറത്ത് നിന്നും വാഹന പരിശോധനക്കിടെ പിടികൂടിയത്. പ്രതി മെഡിക്കൽകോളേജിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ഗ്രാമിന് പതിനെട്ടായിരം മുതൽ ഇരുപത്തിരണ്ടായിരം വരെ വിലയിട്ടാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇവ വിതരണം ചെയ്യുന്നത്. യുവാക്കളെ ലക്ഷ്യമിട്ട് വൻതോതിൽ ലഹരി കടത്തുന്ന സംഘങ്ങൾ സജീവമാവുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ ചോദ്യംചെയ്തതോടെ ഇയാളുടെ പക്കൽ നിന്നും പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടത്തെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
ഇയാൾക്ക് സഹായികളുണ്ടോ എന്ന കാര്യത്തെകുറിച്ചും അന്വേഷിച്ചുവരുന്നുണ്ട്. പ്രതി പല സ്ഥലങ്ങളിൽ വാടകയ്ക്ക് മാറി താമസിച്ച് ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.